Kerala

സ്കൂളുകള്‍ ഇപ്പോള്‍ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സ്‌കൂള്‍ തുറക്കാനാവില്ലെന്നാണ് കരുതുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്റ്റംബറില്‍ സ്കൂളുകള്‍ തുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ല. സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ അതിഥി തൊഴിലാളികള്‍ വലിയ തോതിലാണ് തിരിച്ചെത്തിയിട്ടുള്ളത്. അവരുടെ താമസസ്ഥലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട കോണ്‍ട്രാക്റ്റര്‍മാരാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. അവരില്‍ രോഗബാധിതര്‍ ഉണ്ടോ എന്ന് പരിശോധിച്ച് തീര്‍പ്പാക്കണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും നടപടികള്‍ സ്വീകരിക്കണം.

സംസ്ഥാനത്ത് തിങ്കളാഴ്ച 2540 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2110 പേര്‍ രോഗമുക്തരായി. 15 മരണമാണ് കോവിഡ്മൂലം സ്ഥിരീകരിച്ചത്. 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 212 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് തിങ്കളാഴ്ച രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 22,279 സാംപിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് ആകെ 39,486 കോവിഡ് ആക്റ്റീവ് കേസുകളാണ് ഉള്ളത്.