സംസ്ഥാനത്ത് മെഗാവാക്സിനേഷന് ആദ്യ ദിനം മികച്ച പ്രതികരണം. 62,000ല്‍ അധികം പേര്‍ ഇന്നലെ വാക്സിന്‍ സ്വീകരിച്ചു. കൂടുതല്‍ വാക്സിന്‍ ലഭിച്ചില്ലെങ്കില്‍ തിരുവനന്തപുരം ജില്ലയില്‍ മെഗാ വാക്സിനേഷന്‍ മുടങ്ങിയേക്കും.
അതിനിടെ രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ ചീഫ് സെക്രട്ടറി ഇന്ന് കലക്ടർമാരുടെയും ഡി.എം.ഒമാരുടേയും യോഗം വിളിച്ചിട്ടുണ്ട്. കോവിഡ് രണ്ടാംഘട്ട വ്യാപനം കുതിക്കുന്നത് തടയാനാണ് ക്രഷിംഗ് ദര്‍ കര്‍വ് കര്‍മ്മ പദ്ധതി സംഘടിപ്പിക്കുന്നത്. ഇതിന്‍റെ ഭാഗമായി നടത്തിയ മെഗാവാക്സിനേഷന് മികച്ച പ്രതികരണം ലഭിച്ചു. അവധി ദിവസമായിട്ടും 62,031 പേര്‍ ഇന്നലെ കുത്തിവെപ്പെടുത്തു.
തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ പേര്‍ വാക്സിന്‍ സ്വീകരിച്ചത്. മെഗാ ക്യാമ്പുകള്‍ ആരംഭിച്ചെങ്കിലും വാക്സിന്‍ ക്ഷാമം പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. 32,000 ഡോസ് വാക്സിനാണ് തിരുവനന്തപുരത്ത് ബാക്കിയുള്ളത്. മെഗാ ക്യാമ്പുകളിലുള്‍പ്പെടെ 200 പേരെന്ന രീതിയില്‍ വാക്സിന്‍ നല്‍കാനാണ് നിര്‍ദേശം.
കൂടുതല്‍ വാക്സിന്‍ എത്തിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ മെഗാ ക്യാമ്പുകള്‍ നിര്‍ത്തിവയ്ക്കേണ്ടി വരും. പ്രതിദിന രോഗികളുടെ എണ്ണം ഉയരുന്നതും ആശങ്കയുണ്ടാക്കുന്നു. ഇന്നലെ 6986 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം 44,000 കടന്നു.