തൃശൂർ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ -ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം.15 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഘർഷമുണ്ടായത്. പള്ളിക്ക് മുൻപിൽ തടിച്ചു കൂടിയ ഓർത്തഡോക്സ് വിഭാഗക്കാരെയും പള്ളിക്കുള്ളിൽ സംഘടിച്ച യാക്കോബായ വിഭാഗക്കാരെയും രാത്രി 12 മണിയോടെ പൊലീസ് നീക്കിയതോടെയാണ് സംഘർഷം അവസാനിച്ചത്.
കഴിഞ്ഞ രണ്ടു ദിവസമായി ഓർത്തഡോക്സ് വിഭാഗം പള്ളി പ്രവേശനം ആവശ്യപ്പെട്ടു ഇവിടെ സമരത്തിലായിരുന്നു. ഗേറ്റ് തുറന്നു അകത്തു കടക്കാൻ ഓർത്തഡോക്സ് വിഭാഗം ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമെന്നു യാക്കോബായ വിഭാഗം ആരോപിച്ചു. എന്നാൽ തങ്ങൾക്കു നേരെ യാക്കോബായ വിഭാഗം കല്ലെറിയുകയായിരുന്നു വെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ ആരോപണം. സംഘർഷത്തിൽ ഓർത്തഡോക്സ് ഭദ്രാസനാധിപൻ മാർ മിലി ത്തിയോസ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളിയിൽ ഓർത്തഡോക്സ് വിഭാഗത്തിന് കോടതി പ്രവേശന അനുമതി നൽകിയിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഓർത്തഡോക്സ് വിഭാഗം സംഘടിതമായി പള്ളിയിൽ പ്രവേശിക്കാനെത്തി. പള്ളിയിൽ നേരത്തെ തന്നെ സംഘടിച്ച യാക്കോബായ വിഭാഗം ഗേറ്റ് പൂട്ടി ഇവർ പ്രവേശിക്കുന്നത് തടഞ്ഞു. തുടർന്ന് ഗേറ്റിനു പുറത്തു ഓർത്തഡോക്സ് വിഭാഗം പന്തൽ കെട്ടി സമരം നടത്തുകയായിരുന്നു.