Kerala

സംസ്ഥാനത്തെ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് സംഘത്തിന് രാജ്യവ്യാപക നെറ്റ്വര്‍ക്കുണ്ടെന്ന് അന്വേഷണസംഘം

സംസ്ഥാനത്തെ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് സംഘത്തിന് രാജ്യവ്യാപക നെറ്റ്വര്‍ക്കുണ്ടെന്ന് അന്വേഷണസംഘം. സമാന്തര എക്സ്ചേഞ്ചിനുള്ള സിംബോക്സുകൾ വന്നത് ഹോങ്കോങ്ങിൽ നിന്നാണെന്നും ബെംഗളുരുവിലും മറ്റു ചില പ്രധാന നഗരങ്ങളിലും സമാന എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നതായും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. അതേസമയം കോളുകളുടെ ഉള്ളടക്കം എന്താണെന്ന് തിരിച്ചറിയാൻ ഒരു മാർഗവും ഇല്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ 114 സിംബോക്സുകള്‍ ഹോങ്കോങ്ങിൽ നിന്നും ഡല്‍ഹിയിലെത്തി. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കാണ് ഇവ എത്തിച്ചത്. എന്നാല്‍ സിംബോക്സുകള്‍ അയച്ച അഡ്രസ്സുകള്‍ വ്യാജമായതിനാല്‍ ഇവയിൽ 30 എണ്ണം മാത്രമാണ് പിടികൂടാനായത്. ബെംഗളുരുവിലും മറ്റു ചില പ്രധാന നഗരങ്ങളിലും സമാന എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നതായും സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് സംഘത്തിന് രാജ്യവ്യാപക നെറ്റ്വര്‍ക്കുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

അതേസമയം എറണാകുളം ജില്ലയിൽ ഇപ്പോഴും കൂടുതൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വിവരമുണ്ട്. ഇവിടങ്ങളില്‍ വൈകാതെ റെയ്ഡുണ്ടാകും. നിലവില്‍ പിടിയിലായവര്‍ ജീവനക്കാര്‍ മാത്രമാണെന്നതിനാല്‍ കോളുകളുടെ ഉള്ളടക്കം എന്താണെന്ന് തിരിച്ചറിയാൻ ഒരു മാർഗവും അന്വേഷണ സംഘത്തിന് മുന്നിലില്ല. കേസിലെ പ്രധാനപ്രതി സലിം ഉള്‍പ്പെട്ട സംഘത്തെ പിടികൂടാന്‍ ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.