Kerala

‘എയ്ഡഡ് സ്ഥാപനങ്ങളെ ഏറ്റെടുത്താല്‍ അത് ചരിത്രത്തോടുളള വെല്ലുവിളി’; നേരിടുമെന്ന് സിറോ മലബാര്‍ സഭ

എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് സിറോ മലബാര്‍ സഭ സിനഡ് സെക്രട്ടറി മാര്‍ ജോസഫ് പാംപ്ലാനി. നീക്കമുണ്ടായാല്‍ നിയമപരമായും ജനങ്ങളെ അണിനിരത്തിയും എതിര്‍ക്കുമെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് വ്യക്തിപരമായ അഭിപ്രായ പ്രകടനം നടത്തിയെന്നതിന് അപ്പുറം ഇതിന് എന്തെങ്കിലും പ്രാധാന്യം സഭ നല്‍കുന്നില്ല. മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ ഈ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എയ്ഡഡ് സ്‌കൂളുകള്‍ ആകാശത്തുനിന്ന് പൊട്ടി വീണതല്ലെന്ന് മാര്‍ ജോസഫ് പാംപ്ലാനി ഓര്‍മിപ്പിച്ചു. ഈ സ്ഥാപനങ്ങള്‍ സമുദായം ചോര നീരാക്കി ഉണ്ടാക്കിയതാണ്. ഒരു സുപ്രഭാതത്തില്‍ അതെല്ലാം ഏറ്റെടുക്കുമെന്ന് പറയുന്നത് ചരിത്രത്തോടുള്ള വെല്ലുവിളിയാണെന്നും ഏറ്റെടുക്കലില്‍ തീരുമാനമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മതവിദ്വേഷ പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ പൂര്‍ണമായി തള്ളാതെയാണ് സിറോ മലബാര്‍ സഭ നിലപാട് വ്യക്തമാക്കിയത്. പി സി ജോര്‍ജ് പറഞ്ഞ വാക്കുകളെ പിന്തുണയ്ക്കുന്നില്ല. എന്നാല്‍ ജോര്‍ജിനെതിരെ നടന്നത് ഏകപക്ഷീയമായ നടപടിയാണെന്ന പ്രതീതിയുണ്ടെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.