Kerala

ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസിനെ വിളിച്ചത് യുഎഇ കോണ്‍സുലേറ്റിന്‍റെ ആവശ്യ പ്രകാരം; സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് സ്വപ്ന

യുഎഇ കോൺസുലേറ്റിന്റെ ചാർജുള്ള റാഷിദ് ഖാമിസ പറഞ്ഞിട്ടാണ് താൻ ഈ വിഷയത്തിൽ ഇടപെട്ടത്. തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. കേസിലേക്ക് മാധ്യമങ്ങൾ തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും സ്വപ്ന

തിരുവനന്തപുരം സ്വർണക്കടത്ത് കേസില്‍ നിരപരാധിയെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ. യുഎഇ നയതന്ത്ര പ്രതിനിധിയുടെ അറിവോടെയാണ് സ്വർണം അടങ്ങിയ ബാഗേജ് എത്തിയതെന്നും ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്ന വ്യക്തമാക്കി. യുഎഇ കോൺസുലേറ്റിന്റെ ചാർജുള്ള റാഷിദ് ഖാമിസ പറഞ്ഞിട്ടാണ് താൻ ഈ വിഷയത്തിൽ ഇടപെട്ടത്. തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. കേസിലേക്ക് മാധ്യമങ്ങൾ തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും സ്വപ്ന ഹരജിയില്‍ പറയുന്നു.

ജൂൺ 30തിനാണ് 30 കിലോ സ്വർണമടങ്ങിയ ബാഗേജ് കാർഗോ കോംപ്ലക്സിലെത്തിയത്. ബാഗേജ് വിട്ടുകിട്ടാതെ വന്നതോടെ കസ്റ്റംസിനെ ബന്ധപ്പെടാൻ റാഷിദ് ഖാമിസ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് കസ്റ്റംസ് അസി.കമ്മീഷണറെ താൻ ബന്ധപ്പെട്ടെന്ന് മുൻകൂർ ജാമ്യഹർജിയിൽ സ്വപ്ന വ്യക്തമാക്കുന്നു. ബാഗേജ് വിട്ടുകിട്ടണമെന്ന് കാട്ടി അപേക്ഷ തയാറാക്കാനും തന്നോട് ആവശ്യപ്പെട്ടിരുന്നു. താൻ തയാറാക്കിയ അപേക്ഷ ഖാമിസിന് ഇ മെയിൽ ചെയ്തിട്ടുണ്ട്. ബാഗേജ് പിടിച്ചുവെച്ചതോടെ ജൂലൈ 3ന് ഇത് തിരിച്ചയക്കാൻ യുഎഇ നയതന്ത്ര പ്രതിനിധിയുടെ ഭാഗത്ത് നിന്ന് ശ്രമം നടന്നത്. സ്വർണം പിടിച്ചതോടെ ഭക്ഷ്യവസ്തുക്കൾ മാത്രമാണ് തന്റേതെന്ന് നയതന്ത്ര പ്രതിനിധി കസ്റ്റംസിനെ അറിയിച്ചെന്നും ഹർജിയിലുണ്ട്.

യുഎഇ കോൺസുലേറ്റിലെ ജോലി അവസാനിപ്പിച്ചതാണ്. എന്നാൽ പ്രവൃത്തിപരിചയം കണക്കിലെടുത്ത് കോവിഡ് പശ്ചാത്തലത്തിൽ ചില സഹായങ്ങൾ ചെയ്തുനൽകാറുണ്ടെന്നും മുൻകൂർ ജാമ്യഹർജിയിൽ പറയുന്നു. മുൻകൂർ ജാമ്യഹർജി ഹൈക്കോടതി നാളെയാകും പരിഗണിക്കുക.