Kerala

സ്വപ്നയെയും സന്ദീപിനെയും കേരളത്തിലെത്തിച്ചു

റോഡ് മാര്‍ഗം വാളയാര്‍ വഴിയാണ് കൊച്ചിയിലെത്തിച്ചത്. കൊച്ചിയിലേക്കുള്ള യാത്രക്കിടെ സ്വപ്ന സഞ്ചരിച്ച വാഹനം പഞ്ചറായതിനെ തുടര്‍ന്ന് മറ്റൊരു വാഹനത്തിലേക്ക് മാറ്റി.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കേരളത്തിലെത്തിച്ചു. റോഡ് മാര്‍ഗം വാളയാര്‍ വഴിയാണ് കൊച്ചിയിലെത്തിച്ചത്. കൊച്ചിയിലേക്കുള്ള യാത്രക്കിടെ സ്വപ്ന സഞ്ചരിച്ച വാഹനം പഞ്ചറായതിനെ തുടര്‍ന്ന് മറ്റൊരു വാഹനത്തിലേക്ക് മാറ്റി.

സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്ത് 48 മണിക്കൂറിനുള്ളിലാണ് രണ്ട് പ്രതികളെ ബംഗളൂരുവില്‍ നിന്നും പിടികൂടിയത്. എന്‍ഐഎ കേസ് ഏറ്റെടുത്തതോടെയാണ് പ്രധാന പ്രതികളായ സ്വപ്നയും സന്ദീപും ബംഗളൂരുവിലേക്ക് കടന്നത്. സ്വപ്നയ്ക്കൊപ്പം ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു. രണ്ട് ദിവസം മുന്‍പ് മാരുതി എസ് ക്രോസ് കാറിലാണ് ഇവര്‍ കേരളം വിട്ടത്.

ബംഗളൂരിവിലേക്കുള്ള വഴിയില്‍ ചില സ്ഥലങ്ങളിൽ താമസിച്ചുവെന്നും എന്‍ഐഎ കണ്ടെത്തി. ആദ്യം ബംഗളൂരുവിലെ ബിടിഎം ലേഔട്ടിലുള്ള ഒരു ഹോട്ടലിൽ താമസിച്ചു. തുടർന്ന് കോരമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറ്റി. രണ്ട് മുറികളാണ് ഹോട്ടലില്‍ ബുക്ക് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ബംഗളൂരു എൻ‌ഐ‌എ ടീം ഹോട്ടലില്‍ റെയ്ഡ് നടത്തിയത്. റെയ്ഡ് നടക്കുമ്പോൾ സ്വപ്നയും സന്ദീപും സ്വപ്നയുടെ ഇളയ കുട്ടിയും ഒരുമിച്ചായിരുന്നു.

ഹോട്ടലില്‍ നിന്നും ഫോണുകൾ, 2.5 ലക്ഷം രൂപ, തിരിച്ചറിയൽ കാർഡുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. തുടര്‍ന്ന് കൊച്ചിയിലെ എന്‍ഐഎ സംഘം ഇവരെ കസ്റ്റഡിയില്‍ വാങ്ങിയാണ് ബംഗലൂരുവില്‍ നിന്നും യാത്ര തിരിച്ചത്.

ഫോണ്‍വിളികളും മാധ്യമങ്ങളിലൂടെ പുറത്തുവന്ന സ്വപ്നയുടെ ശബ്ദരേഖയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇരുവരെയും പിടികൂടാന്‍ കസ്റ്റംസ് കേരള പൊലീസിന്‍റെ സഹായം തേടിയതിനിടെയാണ് നാടകീയ നീക്കത്തിലൂടെ എന്‍ഐഎ ഇരുവരെയും പിടികൂടിയത്.

സ്വപ്നയെയും സന്ദീപിനെയും കേരളത്തിലെത്തിച്ചു

രണ്ട് ദിവസം മുന്‍പാണ് ഇവര്‍ ബംഗളൂരുവിലേക്ക് പോയതെങ്കില്‍ ഇവര്‍ക്ക് എങ്ങനെ ഒരു പരിശോധനയും കൂടാതെ ബംഗളൂരുവില്‍ എത്താന്‍ കഴിഞ്ഞു എന്ന ചോദ്യമുയരുന്നുണ്ട്. പ്രത്യേകിച്ച് ഇരു സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണങ്ങളും പരിശോധനയുമുള്ളപ്പോള്‍.

സ്വപ്ന സുരേഷ്, സന്ദീപ്, സരിത് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. കസ്റ്റംസ് നിർദേശ പ്രകാരമാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. പ്രതികൾക്ക് നിരവധി ബാങ്കുകളിൽ അക്കൗണ്ടുകളുണ്ട്. ഇവരുടെ മൂന്ന് വർഷത്തെ ഇടപാടുകൾ കസ്റ്റംസും എൻഐഎയും പരിശോധിക്കുകയാണ്.

എന്‍.ഐ.എയുടെ എഫ്ഐആര്‍ പ്രകാരം നിലവില്‍ നാല് പ്രതികളാണുള്ളത്. ഒന്നാം പ്രതി സരിത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, പാഴ്സല്‍ അയച്ച ഫൈസല്‍ പരീത് മൂന്നാം പ്രതി, നാലാംപ്രതി സ്വപ്നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായര്‍. കേസിൽ നേരത്തെ യു.എ.പി.എ ചുമത്തിയിരുന്നു. യു.എ.പി.എ 16, 17, 18 വകുപ്പുകള്‍ ചുമത്തിയതായാണ് എന്‍.ഐ.എ ഹൈക്കോടതിയില്‍ അറിയിച്ചത്.

എന്‍ഐഎയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. തീവ്രവാദ ബന്ധമുണ്ടോയെന്നും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും. നേരത്തെ കേസ് പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു.