ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആവേശത്തിലാണ് നാടെങ്ങും. മഹാനഗരങ്ങള്‍ മുതല്‍ നാട്ടിന്‍പുറങ്ങളിലെ അങ്ങാടിക്കടകളില്‍ വരെ വോട്ട് ചര്‍ച്ചകളാണ്. ജയ,പരാജയങ്ങളും,വോട്ടുശതമാനവുമെല്ലാം സജീവ ചര്‍ച്ചാവിഷയങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്‍റെ ഭരണ ചക്രം തിരിക്കാനുള്ള രാഷ്ട്രീയ അങ്കത്തിനാണ് രാജ്യം വേദിയാകുന്നത്.തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും പ്രസക്തമാകുന്ന ഒന്നാണ് സര്‍വേകള്‍. മണ്ഡലങ്ങളുടെ പൊതു രാഷ്ട്രീയ ചിന്തയും അതാത് സമയങ്ങളിലെ പൊതു പ്രശ്നങ്ങളുമാണ് ഓരോ സര്‍വേകളുടേയും വിധി നിര്‍ണ്ണയിക്കുന്നത്.
മിക്കവാറും എല്ലാ തെരഞ്ഞെടുപ്പുകളുടേയും പ്രഖ്യാപനത്തിന് മാസങ്ങള്‍ക്ക് മുമ്പേ തന്നെ സര്‍വേകള്‍ ആരംഭിക്കുന്നു. സീ വോട്ടര്‍ ഉള്‍പ്പെടെ ചില സ്വകാര്യ ഏജന്‍സികളാണ് സര്‍വേകള്‍ സംഘടിപ്പിക്കുന്നത്. മത്സര ഫലത്തില്‍ നേരിട്ട് സ്വാധീനം ചെലുത്താന്‍ ഇത്തരം സര്‍വേകള്‍ക്ക് കഴിയാറില്ലെങ്കിലും ജനം പോളിങ് ബൂത്തിലെത്തുന്നതിന് മുമ്പുള്ള വിധി എന്ന നിലയില്‍ ആളുകളുടെ മനസ്സിനെ സ്വാധീനിക്കാന്‍ സര്‍വേകള്‍ കാരണമാകാറുണ്ട്. ഇത്തവണ പുറത്ത് വന്ന സര്‍വേകളെല്ലാം തന്നെ ലേക്സഭ തെരഞ്ഞെടുപ്പില്‍ ഇടതിന് ആശ്വാസത്തിനുള്ള വക നല്‍കാത്തവയാണ്.
അത് കൊണ്ട് തന്നെ യു.ഡി.എഫിനെയും എൻ.ഡി.എയേയും നേരിടാനെന്നപോലെ തന്നെ, ഇടതുനേതൃത്വം ഇപ്പോൾ സമയവും അധ്വാനവും മാറ്റിവയ്ക്കുന്നത് സര്‍വേ ഫലങ്ങള്‍ പൊള്ളയാണെന്ന് സ്ഥാപിക്കാനാണ്. പുറത്ത് വന്ന പത്തിലധികം സര്‍വേകളില്‍ ഭൂരിഭാഗവും ഇടത് മുന്നണിക്ക് വന്‍ തിരിച്ചടി പ്രവചിക്കുന്നവയാണ്. എന്നാല്‍ ഇതിനപ്പുറം ചോര്‍ന്ന് പോകുന്ന വോട്ടുകളാണ് എല്‍.ഡി.എഫിനെ ആശങ്കയിലാക്കുന്നത്. കഴിഞ്ഞ തവണത്തെ വോട്ടിങ് പാറ്റേണില്‍ നിന്നും നേര്‍ വിപരീതമാണ് ഇത്തവണ ജന മനമനസ്സ് എന്നാണ് സര്‍വേകള്‍ ഭൂരിഭാഗവും പറയുന്നത്. മുന്‍കാലങ്ങളില്‍ കേരളത്തില്‍ ത്രികോണ മത്സരങ്ങള്‍ പേരിന് മാത്രമായിരുന്നുവെങ്കില്‍ ഇത്തവണ അങ്ങനെയല്ല. യു.ഡി.എഫിന്‍റെയും എല്‍.ഡി.എഫിന്‍റെയും സ്ഥാനാര്‍ഥികള്‍ക്ക് കിട്ടുന്ന അതേ സ്വീകാര്യത തന്നെ തങ്ങളുടെ സഥാനാര്‍ഥികള്‍ക്കും കിട്ടുന്നുവെന്ന വിശകലനമാണ് ബി.ജെ.പിയുടേത്.
ഇത് തങ്ങള്‍ക്കനുകൂലമായൊരു ജനവിധിയുണ്ടാകുമെന്ന വിലയിരുത്തലിലേക്കും അവരെ നയിക്കുന്നു. എന്നാല്‍ രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ പുറത്ത് വന്ന ഒരു സര്‍വേയിലും എന്‍.ഡി.എക്കില്ല. ഭൂരിഭാഗവും 0-1 സാധ്യതയാണ് കാണുന്നത്. എന്നാല്‍ വോട്ട് വിഹിതത്തിന്‍റെ കാര്യത്തില്‍ സംഗതി ഇതല്ല. ടൈംസ് നൗ- വി.എം.ആറുമായി ചേര്‍ന്ന് നടത്തിയ സര്‍വേ പ്രകാരം യു.ഡി.എഫിന് 46.97 ഉം എല്‍.ഡി.എഫിന് 28.11 ശതമാനവും എന്‍.ഡി.എക്ക് 20.85 ശതമാനവുമാണ് ഇത്തവണത്തെ കേരളത്തിലെ വോട്ടിങ് നിലവാരം. ഇനി റിപ്പബ്ലിക്ക് ടി.വി സീ വോട്ടറുമായി ചേര്‍ന്ന് നടത്തിയ സര്‍വേ പ്രകാരം യു.ഡി.എഫ് 40.7 എല്‍.ഡിഎഫ് 23.3 എന്‍.ഡി.എ 23.2 എന്നിങ്ങനെയാണ് ഫലം. കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായി ഇടത് പക്ഷത്തിന്‍റെ വേട്ടു ശതമാനം 30 ന് താഴേക്ക് പതിച്ചുവെന്നത് ഇടത് കോട്ടയായ കേരളത്തിനുള്ള മുന്നറിയിപ്പാണ്.
2014 ന്‍റെ സര്‍വേ കണക്കുകള്‍
2014 ലെ സര്‍വേ പ്രകാരം യു.ഡി.എഫ് (41.98) എ.ൽ.ഡി.എഫ് (40.12) എൻ.ഡി.എ (10.82) എന്നതായിരുന്നു വോട്ടു ശതമാനം. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസർകോട് എന്നിങ്ങനെ ഏഴിടങ്ങളില്‍ മാത്രമാണ് എൻ.ഡി.എക്കു 10 ശതമാനമോ അതിൽ കൂടുതലോ വോട്ടു ലഭിച്ചത്.
മാറുന്ന ട്രന്‍റുകള്‍
എൻ.ഡി.എക്കു വോട്ട് ശതമാനം കൂടുമെന്നു പറയുന്ന ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയം യു.ഡി.എഫിനൊപ്പമായിരിക്കുമെന്നാണ് സർവേ ഫലങ്ങൾ പറയുന്നത്. ഇങ്ങനെ സംഭവിച്ചാൽ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടിങ് പാറ്റേണില്‍ നിന്നുള്ള വ്യക്തവും വിധിനിർണായകവുമായ വ്യതിയാനമാകും ഇത്തവണത്തെ എൽ.ഡി.എഫ് (43.35) യു.ഡി.എഫ് (38.79) എൻ.ഡി.എ (15.01) എന്നതായിരുന്നു 2016 നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടു ശതമാനം. 2011ൽ നിന്ന് 7.24% വോട്ട് യു.ഡി.എഫിനു നഷ്ടമായ തെരഞ്ഞെടുപ്പ്.
യു.ഡി.എഫ് തോറ്റ ഭൂരിപക്ഷം മണ്ഡലങ്ങളിലും എൻ.ഡി.എയുടേത് ഭേദപ്പെട്ട പ്രകടനമായിരുന്നു. എൽ.ഡി.എഫ് വോട്ട് അതേപടി നിൽക്കുകയും ബാക്കി വോട്ട്, പ്രത്യേകിച്ചും ഭൂരിപക്ഷ വിഭാഗങ്ങളുടേത് യു.ഡി.എഫിനും എൻ.ഡി.എക്കുമായി വിഭജിച്ച് പോവുകയും ചെയ്തതോടെയാണ് യു.ഡി.എഫിന് നില തെറ്റിയത്. ലോക്സഭാ തിരഞ്ഞെടുപ്പിലും അത് ആവർത്തിക്കുമോ എന്ന ആശങ്ക യു.ഡി.എഫിനും, പ്രതീക്ഷ എൽ.ഡി.എഫിനുമുണ്ടായി; പ്രത്യേകിച്ചും ശബരിമല വിവാദത്തിന്റെ കൂടി പശ്ചാത്തലത്തിൽ. പക്ഷേ, സർവേകൾ പ്രകാരം വോട്ട് ചോര്‍ച്ച കൂടുതല്‍ ഇടത് മുന്നണിക്കാണ് എന്നതാണ് വാസ്തവം.
എൽ.ഡി.എഫിലുള്ള ഭൂരിഭാഗം പേരും വിശ്വാസികളാണെന്നാണ് സി.പി.എം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ ആത്മ വിശ്വാസത്തോടെയാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് കൊണ്ട് തന്നെ തങ്ങള്‍ക്ക് അനുകൂലമായ ഒരു ട്രെന്‍റ് ഇത്തവണ ഉരുത്തിരിയുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. സര്‍വേകള്‍ അശാസ്ത്രീയവും, അടിസ്ഥാനരഹിതവുമാണെന്നാണ് ഇടതിന്‍റെ വാദം. അതിനാല്‍ തന്നെ ഇത്തരം സര്‍വേകളുടെ ആധികാരികതയില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് പറഞ്ഞ് തള്ളുകയാണ് അവര്‍ ചെയ്യുന്നത്.
പ്രചാരണ വേദികള്‍ മുതല്‍ പാര്‍ട്ടി യോഗങ്ങളില്‍ വരെ സര്‍വേകളെ തള്ളി പറയാനാണ് ഇടത് പക്ഷം സമയം ചിലവിടുന്നത്. 5000 പേരുടെ സര്‍വേ ഫലത്തെക്കാള്‍ തങ്ങള്‍ക്ക് വിശ്വാസം വരാനിരിക്കുന്ന ജനവിധിയിലാണെന്നാണ് ഇടത് നേതാക്കാളുടെ വാദം. പക്ഷെ വര്‍ഷാവര്‍ഷങ്ങളില്‍ ഇടത് പക്ഷത്തിനുണ്ടാകുന്ന ക്ഷീണം ചെറുതല്ല എന്നതാണ് വാസ്‍തവം.