Kerala

ഡ്രജര്‍ ഇടപാടില്‍ ജേക്കബ് തോമസിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരായ ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഡ്രജര്‍ ഇടപാടുമായി ബന്ധപ്പെട്ട മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാരും സത്യന്‍ നരവൂരും ആണ് ഹര്‍ജിക്കാര്‍. ഡ്രജര്‍ ഇടപാട് വിഷയത്തില്‍ മന്ത്രിമാരും ഐ.എ.എസ് , ഐ.പി.എസ് ഉന്നതരും ഗൂഡാലോചന നടത്തിയെന്ന് സുപ്രിം കോടതിയെ അറിയിച്ച് ജേക്കബ്ബ് തോമസ്സ് സമര്‍പ്പിച്ച സത്യവാങ്മൂലം ഇന്ന് കോടതിക്ക് മുന്നിലെത്തും. അഴിമതിക്കാര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി എടുക്കാനുള്ള തന്റെ തിരുമാനത്തിന് എതിരായ പ്രതികാര നടപടി ആണ് ഡ്രജ്ജര്‍ കേസ് അടക്കമുള്ളവ. ഡ്രജര്‍ ഇടപാടിലെ ആരോപണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നാണ് ജേക്കബ് തോമസിന്റെ വാദം.

മന്ത്രിയും വകുപ്പ് സെക്രട്ടറിയും പ്രതിപട്ടികയില്‍ ഇല്ലാത്തത് തനിയ്ക്ക് എതിരെയുള്ള ഗൂഡാലോചന വ്യക്തമാക്കുന്നു. പരാതിക്കാരനായ സത്യന്‍ നരവൂരിന്റെ അഴിമതി കണ്ടെത്തിയത് താന്‍ ആണെന്നത് മറച്ച് വച്ചാണ് ദുഷ്പ്രചരണം. ഡ്രജ്ജര്‍ വാങ്ങാനുള്ള തിരുമാനം കൈകൊണ്ടെത് കെ.എസ്.എം.ഡി.സി ചേയര്‍മാനായ മന്ത്രിയുടെ നേത്യത്വത്തില്‍ ആയിരുന്നു എന്നും ജേക്കബ് തോമസിന്റെ സത്യവാങ്മൂലം ആരോപിക്കുന്നു.