India Kerala

ശബരിമലയിലെ തിരുവാഭരണം സംരക്ഷിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും

ശബരിമലയിലെ തിരുവാഭരണം സംരക്ഷിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കും. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ച് ഇക്കാര്യത്തില്‍ സര്‍ക്കാറിനോട് അഭിപ്രായം തേടിയിരുന്നു. എന്തിനാണ് പന്തളം രാജകുടുംബത്തിന്‍റെ അധീനതയില്‍ സൂക്ഷിക്കുന്നതെന്ന് ചോദിച്ച സുപ്രീംകോടതി തിരുവാഭരണം അയ്യപ്പന് അവകാശപ്പെട്ടതല്ലേയെന്നും ആരാഞ്ഞിരുന്നു.

2010ൽ നടന്ന ദേവപ്രശ്നം സംബന്ധിച്ച ഹരജിയിലാണ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ച് തിരുവാഭരണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിനോട് അഭിപ്രായം തേടിയത്. പന്തളം രാജ കുടുംബത്തില്‍ തർക്കമുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാധാകൃഷ്ണന്‍ കോടതിയെ അറിയിച്ച സാഹചര്യത്തിലായിരുന്നു കോടതി ഇക്കാര്യം ചോദിച്ചത്. രാജകുടുംബത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ‌തിരുവാഭരണം എത്രത്തോളം ‌സുരക്ഷിതമാകുമെന്ന കാര്യത്തില്‍ കോടതി ആശങ്ക രേഖപ്പെടുത്തിയിരുന്നു.

തിരുവാഭരണം അയ്യപ്പന് അവകാശപ്പെട്ടതല്ലേ ? പിന്നെ എന്തിനാണ് രാജകുടുംബത്തിന് അധീനതയില്‍ സൂക്ഷിക്കുന്നതെന്നും ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ച് ആരാഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാറിനോട് ഇന്ന് നിലപാട് അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. പന്തളം രാജ കുടുംബാംഗമായ രേവതി നാൾ പി. രാമവർമ രാജയാണ് സമർപ്പിച്ച ഹർജിയിലാണ് പന്തളം രാജകുടുംബത്തിലെ വലിയ കോയിക്കലിൻറയും കൊച്ചുകോയിക്കലിന്റെയും ഇടയിലെ തർക്കം കോടതിയിൽ ശ്രദ്ധയിലെത്തിയത്.