കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ശ്മാശനത്തിൽ സംസ്കരിക്കാനുള്ള നീക്കത്തിനെതിരെയാണ് ബി.ജെ.പി നേതാവിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്
കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം തടഞ്ഞ സംഭവത്തിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവരോടുള്ള അനാദരവ് നമ്മുടെ സംസ്കാരത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹത്തിൽനിന്ന് രോഗം പകരാനുള്ള സാധ്യത കുറവാണ്. കേന്ദ്രസർക്കാർ ഇതിന് കോവിഡ് പ്രോട്ടോക്കോൾ പുറത്തിറക്കിയിട്ടുണ്ട്. ഇതുപ്രകാരമാണ് ആരോഗ്യപ്രവർത്തകർ ഇത്തരം സാഹചര്യങ്ങളെ നേരിടുന്നത്. സംസ്കാരം തടയാൻ കൂട്ടം കൂടുന്നതാണ് അപകടകരം. സംസ്കാരം തടയാൻ ജനപ്രതിനിധി കൂടി ഉണ്ടായത് അപമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിൽ ശക്തമായ നടപടിയെടുക്കാൻ പോലീസിന് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കോട്ടയം നഗരസഭയിലെ മുട്ടമ്പലം വൈദ്യുതി ശ്മാശനത്തിൽ സംസ്കരിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെയാണ് ബി.ജെ.പി നേതാവിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയെത്തുടർന്ന് മൃതദേഹം മറ്റൊരിടത്ത് സംസ്കരിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. പിന്നീട് വൻ പോലീസ് സന്നാഹത്തോടെ ഞായറാഴ്ച രാത്രി 11ന് മുട്ടമ്പലത്തുതന്നെ സംസ്കരിച്ചു.