ഒരു ക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രം തുടർച്ചയായി ചൊറിയും ശ്വാസതടസ്സവും. എന്താണ് കാര്യമെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല. ഇതിന്റെ ആശങ്കയിലാണ് തിരുവനന്തപുരം അമ്പലംമുക്ക് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരും രക്ഷിതാക്കളും. പത്താംക്ലാസ്- സി ഡിവിഷനിലെ വിദ്യാർത്ഥികൾക്കാണ് സ്‌കൂളിലെത്തുന്ന ദിവസങ്ങളിൽ ആരോഗ്യപ്രശനങ്ങളുണ്ടാകുന്നത്. കാരണമറിയാൻ പൊലീസ് ഇപ്പോൾ അന്വേഷണം നടത്തുകയാണ്.
കഴിഞ്ഞ നവംബർ 18നാണ് ആദ്യ അനുഭവം. സ്‌കൂളിലെത്തിയ പത്ത് സി ഡിവിഷനിലെ ആകെ 52 വിദ്യാർത്ഥികളിൽ 15 പേർക്ക് ചൊറിച്ചിലും ശ്വാസതടസ്സവും തളർച്ചയുമനുഭവപ്പെട്ടു. പേരൂർക്കട ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ച കുട്ടികളിൽ പലവിധ ടെസ്റ്റുകൾ നടത്തിയെങ്കിലും പ്രത്യേകിച്ചൊരു കാരണവും കണ്ടെത്തിയില്ല. ഇത് തുടർക്കഥയായി മാറിയതോടെയാണ് സംഭവം ഗുരുതരമായത്.
കുട്ടികളെ പരിചരിക്കുന്ന രക്ഷിതാക്കൾക്കും ശാരീരിക പ്രശ്‌നങ്ങളുണ്ടായി. അതിലുമുപരി പത്താംക്ളാസ് വിദ്യാർത്ഥികൾക്കുണ്ടാകുന്ന അനാരോഗ്യം പഠനത്തെ ബാധിക്കുമോ എന്നതാണ് രക്ഷിതാക്കളുടെ പ്രധാന ആശങ്ക.
ക്ലാസ് റൂമുകൾ വൃത്തിയാക്കി അണുനശീകരണം നടത്തിയതിനുപുറമെ പ്രശ്‌നത്തിന്റെ കാരണം കണ്ടെത്താൻ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് സ്‌കൂൾ അധികൃതർ. സംഭവത്തിൽ പേരൂർക്കട പോലീസ് അന്വേഷണം നടത്തി വരികയാണ്.