Kerala

ആഡംബര ഹോട്ടലുകളിൽ താമസിച്ച് പണം നൽകാതെ മുങ്ങും; മോഷണവും; പ്രതി പിടിയിൽ

ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ പിടിയിൽ. തൂത്തുക്കുടി സ്വദേശി ബീസ്റ്റൺ ജോൺ ആണ് പൊലീസിന്റെ പിടിയിലായത്. ഒളിവിൽ കഴിയുകയായിരുന്ന ബീസ്റ്റൺ ജോണിനെ പിടികൂടിയത് കൊല്ലത്ത് നിന്നാണ്. ആഡംബര ഹോട്ടലുകളിൽ താമസിച്ച് പണം നൽകാതെ മുങ്ങുന്നതാണ് പതിവ് രീതി. ഹോട്ടലുകളിലെ മൊബൈൽ ഫോണുകളും ലാപ്പ് ടോപ്പുകളും മോഷ്ടിക്കുകയും ചെയ്യും. തിരുവനന്തപുരത്ത് സൗത്ത് പാർക്കിലെ തട്ടിപ്പിന് ശേഷം ഒളിവിലായിരുന്നു ബീസ്റ്റൺ ജോൺ.

നിരവധി മോഷണക്കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറയുന്നു. കേരളത്തിലെ ഒട്ടുമിക്ക ഹോട്ടലുകളിലും മുംബൈ, ഹൈദരബാദ് എന്നിവിടങ്ങളിലും ബീസ്റ്റൺ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ട്. കൂടാതെ താമസിക്കുന്ന ഹോട്ടലുകളിൽ നിന്ന് വിലകൂടിയ വസ്തുക്കൾ മോഷ്ടിക്കുന്നതും ഇയാളുടെ പതിവാണ്.

തിരുവന്തപുരം സൗത്ത് പാർക്കിൽ തട്ടിപ്പ് നടത്തി ഒളിവിലായിരുന്ന ബീസ്റ്റണെ കൊല്ലത്ത് വച്ചാണ് പൊലീസ് വലയിലാക്കുന്നത്. ബീസ്റ്റണെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ബീസ്റ്റണെ അറസ്റ്റ് ചെയ്തതിന് ശേഷം മറ്റു പൊലീസ് സ്റ്റേഷനുകളിൽ നിന്നും ബീസ്റ്റണെതിരെയുള്ള പരാതിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സ്‌റ്റേഷനിലേക്ക് കോളുകൾ വരുന്നുണ്ടെന്ന് കന്റോൺമെന്റ് പൊലീസ് പറയുന്നു. ഇയാൾക്കെതിരെ രാജ്യത്താകമാനം ഇരുനൂറോളം കേസുകളുണ്ടെന്നും പൊലീസ് പറയുന്നു.