India Kerala

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്നറിയാം

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്നറിയാം. തെരഞ്ഞെ‍ടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഉച്ചക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രിയ്ക്ക് പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറിയാകും ഫലം പ്രഖ്യാപിക്കുക. ഓൺലൈനിലൂടെയാണ് ഫലം അറിയാൻ സൌകര്യം ഒരുക്കിയിരിക്കുന്നത്. നാലര ലക്ഷം വിദ്യാർഥികളാണ് ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.


ഇത്തവണ എസ്.എസ്.എൽ.സി ഫലമറിയാൻ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നൂതന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് ഉച്ചക്ക് രണ്ട് മണി മുതൽ കൈറ്റിന്റെ വെബ്‌സൈറ്റിലൂടെ ഫലമറിയാം. ഇതിനുപുറമെ ‘സഫലം 2019′ എന്ന മൊബൈൽ ആപ് വഴിയും ഫലമറിയാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും “Saphalam 2019’ എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം. വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ വിദ്യാഭ്യാസ ജില്ല,റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്‌സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും ‘റിസൾട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ മൂന്നു മണി മുതൽ ലഭ്യമാകും. ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി ഫലങ്ങളും പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഇതേ പോർട്ടലിലും ആപ്പിലും ലഭ്യമാക്കും.പ്രൈമറിതലം മുതലുളള കൈറ്റ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുള്ള 11769 സ്‌കൂളുകളിലും വിദ്യാർത്ഥികൾക്ക് റിസൾട്ടറിയാനുള്ള സംവിധാനം ഒരുക്കുന്നുണ്ട്.