Kerala

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്കും കണ്ടൈന്‍മെന്‍റ് സോണില്‍ നിന്ന് വരുന്നവര്‍ക്കും പ്രത്യേക സൗകര്യമൊരുക്കും. ഗള്‍ഫില്‍ പരീക്ഷക്ക് അനുമതിയായി. കോളജുകളില്‍ ജൂണ്‍ 1 ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെയും പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സ്കൂളുകളുടെ അണുനശീകരണം, മാസ്ക്, സാനിറ്റൈസര്‍ വിതരണം എല്ലാത്തിനും ക്രമീകരണം ആയി. 10920 വിദ്യാര്‍ഥികള്‍ പരീക്ഷ കേന്ദ്രത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വിദ്യാര്‍ഥികളെ പ്രത്യേകം ഇരുത്തും. കണ്ടൈയിന്‍മെന്‍റ് സോണ്‍, ക്വാറന്‍റൈന്‍ വീടുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും സൗകര്യമുണ്ട്.

ഗള്‍ഫിലും പരീക്ഷ നടത്തുന്നതിനുള്ള അനുമതിയായിട്ടുണ്ട്. ജൂണ്‍1ന് തന്നെ കോളജ് തുറക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ 1 മുതല്‍ തുടങ്ങും. ഓണ്‍ ലൈന്‍ ക്ലാസിന് സൗകര്യമില്ലാത്തിടത്ത് പ്രത്യേക സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.