പത്രപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശിപാർശ തള്ളിയാണ് സർക്കാർ തീരുമാനം.
ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്ഷന് പിന്‍വലിക്കരുതെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കേസില്‍ അന്വേഷണം നടക്കുന്നതിനിടെ പ്രതിയെ തിരിച്ചെടുക്കുന്നത് അന്വേഷണത്തെ വരെ സ്വാധീനിക്കാന്‍ ഇടയാവുമെന്ന് പത്രപ്രവർത്തക യൂനിയൻ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ പൊലീസ് ഇതുവരെ കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലാണു ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ സമിതി ശ്രീറാമിനെ തിരിച്ചെടുക്കാമെന്ന് മുഖ്യമന്ത്രിക്ക് ശിപാർശ നൽകിയിരുന്നത്.
കഴിഞ്ഞവർഷം ഓഗസ്റ്റ് മൂന്നിന് രാത്രിയാണ് കെ.എം. ബഷീർ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം കാറിടിച്ച് കൊല്ലപ്പെട്ടത്. അപകടസമയത്ത് താനല്ല കാർ ഓടിച്ചതെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്തായ വഫ എന്ന യുവതിയാണ് ഓടിച്ചതെന്നുമാണ് ശ്രീറാം പറയുന്നത്. എന്നാൽ, ശ്രീറാമാണ് കാർ ഓടിച്ചതെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും വഫ മൊഴി നൽകിയിരുന്നു.