Kerala

കോണ്‍ഗ്രസില്‍ ശ്രീനാരായണീയരുടെ പ്രാതിനിധ്യം കുറവ്; രാഹുലിനോട് അതൃപ്തിയറിയിച്ച് നാരായണ ധര്‍മ്മസംഘം ട്രസ്റ്റ്

കോണ്‍ഗ്രസ് നിയമസഭാഗംങ്ങളില്‍ ശ്രീനാരായണീയരുടെ പ്രാതിനിധ്യം കുറവെന്ന് നാരായണ ധര്‍മ്മസംഘം ട്രസ്റ്റ്. ഭാരത് ജോഡോ യാത്രക്കിടെ വര്‍ക്കല ശിവഗിരി മഠം രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചപ്പോഴായിരുന്നു വിഷയ്തില്‍ ട്രസ്റ്റ് അധികൃതര്‍ അതൃപ്തിയറിയിച്ചത്.

ശ്രീനാരായണ ഗുരു സമാധി സ്ഥാനത്തില്‍ പ്രാര്‍ത്ഥന നടത്തിയ രാഹുല്‍ മഠതിപതിയുള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് നിയമസഭാംഗങ്ങളിലെ ശ്രീനാരായണീയരുടെ പ്രാതിനിധ്യക്കുറവില്‍ അതൃപ്തി രാഹുല്‍ ഗാന്ധിയെ അറിയിച്ചുവെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രതികരിച്ചു.

ജോഡോ യാത്ര ആരംഭിക്കും മുന്‍പ് രാവിലെ ആറരയോടെയാണ് രാഹുല്‍ ഗാന്ധി വര്‍ക്കല ശിവഗിരിയിലെത്തിയത്. സന്യാസമാരും മഠം അധികൃതരും ചേര്‍ന്ന് ഷാളണിയിച്ച് സ്വീകരിച്ചു. ശ്രീനാരായണ ഗുരുവിന്റെ മഹാ സമാധിയില്‍ പ്രാര്‍ത്ഥന നടത്തി വലംവെച്ച ശേഷം മഠതിപതിയുള്‍പ്പടെയുള്ളവരുമായി കൂടിക്കാഴ്ച.

വൈദിക മഠവും ശാരദാമഠവും സന്ദര്‍ശിച്ച് ലഖുഭക്ഷണവും കഴിച്ച് അരമണിക്കൂറിലേറെ ശിവഗിരിയില്‍ ചിലവഴിച്ചു. നെഹ്രുകുടുംബത്തില്‍ നിന്നുള്ള പ്രധാന അംഗങ്ങളെല്ലാം ശിവഗിരി മടത്തിലെത്തിയിട്ടുണ്ടെങ്കിലും രാഹുല്‍ ഗാന്ധിയുടെ ആദ്യ സന്ദര്‍ശനമായിരുന്നു ഇത്.

ശിവഗിരി സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് കോണ്‍ഗ്രസ്‌നേതാക്കള്‍ പറയുന്നുണ്ടെങ്കിലും പ്രധാന വോട്ടുബാങ്കായ ജനവിഭാഗത്തെ പാര്‍ട്ടിക്കൊപ്പം ചേര്‍ക്കാന്‍ സന്ദര്‍ശനം സഹായിക്കുമെന്നാണ് നേതൃത്വം കരുതുന്നത്.