Kerala

മിനറൽ വാട്ടർ കുപ്പികളിൽ ചാരായം, വില്പന നടത്തുന്നത് ഒരു ലിറ്ററിന് 1000 മുതൽ 1250 രൂപ വരെ; പ്രതി പിടിയിൽ

ബൈക്കിൽ ചാരായം കടത്തിക്കൊണ്ടുവന്ന പ്രതി അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ വാമനപുരത്താണ് സംഭവം. പനവൂർ വില്ലേജിൽ മൂന്നാനക്കുഴി മലമുകൾ തടത്തരികത്ത് വീട്ടിൽ രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്. ഒരു ലിറ്ററിന്റെ മിനറൽ വാട്ടർ കുപ്പികളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. ഒരു ലിറ്റർ ചാരായത്തിന് 1000 രൂപ മുതൽ 1250 രൂപ വരെ ഈടാക്കിയായിരുന്നു വില്പന. 

ചാരായ വില്പന നടത്തിയതിനും ചാരായ വാറ്റിൽ ഏർപ്പെട്ടതിനും വാമനപുരം റേഞ്ചിൽ രജിസ്റ്റർ ചെയ്ത രണ്ട് അബ്കാരി കേസുകളിലെ പ്രതിയായ രാജേഷിനെ ആദ്യമായാണ് തൊണ്ടി സഹിതം അറസ്റ്റ് ചെയ്യുന്നതെന്ന് റേഞ്ച് ഓഫിസർ അറിയിച്ചു. നെടുമങ്ങാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ രാജേഷ് ഓട്ടോ ഓടിക്കുന്ന മറവിലും ചാരായക്കടത്തിൽ ഏർപ്പെട്ടിരുന്നത്രേ.

എക്സൈസ് ഇൻസ്‌പെക്ടർ മോഹൻ കുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് ബാബു, സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ് കുമാർ, ലിബിൻ,ഹാഷിം, ഷിജിൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ ബിസ്മി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.