കേരളത്തിലെ ജനങ്ങളോട് യു.ഡി.എഫിന് വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സമൂഹത്തെ ധ്രുവീകരിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന ശക്തികളെ പരാജയപ്പെടുത്തുകയും സ്വേച്ഛാധിപത്യ നേതാക്കളെ നിരസിക്കുകയും ചെയ്യാനായി യുഡിഎഫിന് വോട്ട് ചെയ്യണമെന്നാണ് സോണിയ ഗാന്ധി പറഞ്ഞത്. 140 മണ്ഡലങ്ങളില്‍ നിന്നായി 957 സ്ഥാനാര്‍ഥികളാണ് കേരളത്തില്‍ ജനവിധി തേടുന്നത്. 2.74 കോടി ജനങ്ങളാണ് കേരളത്തില്‍ ഇന്ന് വോട്ട് ചെയ്യാന്‍ തയാറായിരിക്കുന്നത്.
നിരവധി വൈവിധ്യങ്ങളുള്ള നമ്മുടെ സമൂഹത്തെ ധ്രുവീകരിക്കുകയും വിഭജിക്കുകയും ചെയ്യാന്‍ മാത്രമറിയുന്ന ശക്തികള്‍ക്കെതിരെ കേരളത്തിലെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. സ്വേച്ഛാധിപത്യ ശക്തികളെ തുരത്തി യു.ഡി.എഫിനൊപ്പവും കോണ്‍ഗ്രസിനൊപ്പവും വീണ്ടും ജനങ്ങള്‍ നിലകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോണിയ ഗാന്ധി പറഞ്ഞു.
കേരളത്തില്‍ യുഡിഎഫിന് വോട്ട് ചെയ്യുന്നതിലൂടെ നിങ്ങള്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. യുഡിഎഫ് സാമൂഹിക ഐക്യത്തിന്‍റെയും സാമുദായിക സമാധാനത്തിന്‍റെയും അന്തരീക്ഷത്തില്‍ വികസനം ഉറപ്പാക്കാന്‍ ശ്രമിക്കും. യുഡിഎഫ് ഭരണത്തിലെത്തുകയാണെങ്കില്‍ ന്യായ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കുമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.