Kerala

പ്രിയപ്പെട്ട അച്ഛന്‍ ഇനി വരില്ല… ഒന്നുമറിയാതെ കളിചിരികളില്‍ മുഴുകി കുഞ്ഞുതന്‍വിക്

സിക്കിമില്‍ അപകടത്തില്‍ മരിച്ചസൈനികന്‍ വൈശാഖിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമ്പോള്‍ ഒന്നുമറിയാതെ കളിചിരികളില്‍ മുഴുകിയിരിക്കുന്ന ഒരാളുണ്ട് അവിടെ. ആള്‍ക്കൂട്ടം എന്തിനെന്നോ അമ്മ കരയുന്നതെന്തിനെന്നോ മനസിലാകാതെ കുസൃതി കാണിച്ചിരിക്കുന്ന ഒരു വയസുകാരന്‍ തന്‍വിക. വൈശാഖിന്റെ ഒരേയൊരു മകന്‍.

അച്ഛന്റെ മരണവാര്‍ത്ത അറിയാതെ ഇപ്പോഴും കളി ചിരികളിലാണ് തന്‍വിക്. വൈശാഖിന്റെ വലിയ ആഗ്രഹമായിരുന്നു തന്‍വികിന്റെ ഒന്നാം പിറന്നാള്‍ നന്നായി ആഘോഷിക്കണമെന്ന്. അടുത്ത പിറന്നാളാകുമ്പോഴേക്കും നിറയെ സമ്മാനങ്ങളുമായി മടങ്ങിയെത്താമെന്ന് മകന് ഉറപ്പ് നല്‍കിയാണ് വൈശാഖ് ഒടുവില്‍ വീട് വിട്ടിറങ്ങിയത്. പക്ഷേ എല്ലാം വിഫലമായി.

മകന്റെ പിറന്നാള്‍ ആഘോഷമാക്കണമെന്ന് വൈശാഖ് നാട്ടില്‍ വിളിക്കുമ്പോഴൊക്കെ കൂട്ടുകാരോടും ബന്ധുക്കളോടുമൊക്കെ പറയും. അങ്ങനെ കഴിഞ്ഞ ജൂലൈ 25ന് ആഘോഷമായി തന്‍വികിന്റെ ആദ്യ പിറന്നാള്‍ കൊണ്ടാടി. ഓണവും കുടുംബത്തോടൊപ്പം ആഘോഷിച്ചാണ് അന്ന് മടങ്ങിയത്. കുഞ്ഞിന് നിറയെ സമ്മാനങ്ങളുമായി ഉടന്‍ മടങ്ങി വരുമെന്ന് ഉറപ്പ് നല്‍കിയാണ് തിരികെപ്പോയത്…

മടങ്ങിപ്പോകുന്ന അച്ഛന് കവിളില്‍ ഉമ്മ കൊടുത്ത് യാത്രയാക്കുമ്പോഴും ആരും കരുതിയില്ല അത് അവസാന മുത്തമായിരുന്നെന്ന്. വൈശാഖിന്റെ വിയോഗവാര്‍ത്ത ഈ നാടിനെ തേടി എത്തിയപ്പോഴും എല്ലാവരുടേയും കണ്ണ് നനയിപ്പിച്ചത് ഒന്നുമറിയാതെയുളള ഈ ഒന്നര വയസുകാരന്റെ കളിചിരികള്‍..