Kerala

‘നമ്പി നാരായണന് ശേഷം കേരള ചരിത്രത്തിൽ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപ്’ : രാഹുൽ ഈശ്വർ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ദിലീപിന് അനുകൂലമായ മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ.ശ്രീലേഖയുടെ പരാമർശത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. നമ്പി നാരായണന് ശേഷം കേരള ചരിത്രത്തിൽ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. നമ്പി നാരായണൻ 50 ദിവസത്തോളമാണ് ജയിലിൽ കിടന്നതെങ്കിൽ ദിലീപ് 85 ദിവസം കിടന്നു. അദ്ദേഹത്തിന്റെ കുടുംബത്തേയും കേസിലേക്ക് വലിച്ചിഴച്ചുവെന്ന് രാഹുൽ ഈശ്വർ പറഞ്ഞു.

‘ജയിൽ ഡിജിപിയായിരുന്ന വ്യക്തിയാണ് ആർ ശ്രീലേഖ. ജയിലിലെ കാര്യങ്ങൾ നേരിട്ട് അറിയുന്ന വ്യക്തിയാണ്. അവരുടെ വെളിപ്പെടുത്തൽ പൊലീസ് അന്വേഷിക്കേണ്ടെ ? ബൈജു പൗലോസിനെതിരെ കേസെടുക്കേണ്ട അവസ്ഥയാണ്. കാരണം ബൈജു പൗലോസായിരുന്നല്ലോ കേസ് അന്വേഷിച്ചിരുന്നത്. വ്യാജമായി ഫോട്ടോഷോപ്പ് ചെയ്തുവെന്ന് ഒരു ജയിൽ ഡിജിപി ഇത്ര പ്രധാനപ്പെട്ട ഒരു വെളിപ്പെടുത്തൽ നടത്തിയാൽ അതിന്റെ പേരിൽ കേസെടുക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തമില്ലേ ? നിരപരാധിയായ ഒരു മനുഷ്യനെ വേട്ടയാടുകയാണ്. അത് നമ്മൾ കാണാതിരിക്കരുത്. കേരളആ പൊലീസ് അഗ്നിശുദ്ധി വരുത്തി തിരിച്ചുവരണം. ദിലീപ് നിരപരാധിയാണെന്ന വാദമാണ് ഇതോടെ സത്യമാകുന്നത്’- രാഹുൽ ഈശ്വർ പറയുന്നു.

പൊലീസിന്റെ കൈയിൽ ഒരു തെളിവും ഇല്ലെന്നും, പൊലീസിന്റെ തെറ്റായ കാര്യങ്ങളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് ഇതെന്നും രാഹുൽ ഈശ്വർ തുറന്നടിച്ചു.