Kerala

കെ.കെ.മഹേശന്റെ ആത്മഹത്യത്തില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിച്ചേര്‍ത്ത സംഭവം; പ്രതിഷേധ സദസുമായി എസ്എന്‍ഡിപി യൂണിയന്‍

കെ. കെ മഹേശന്റെ ആത്മഹത്യത്തില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിച്ചേര്‍ത്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി എസ്എന്‍ഡിപി യൂണിയന്‍. പ്രതിഷേധത്തിന്റെ ഭാഗമായി കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധസദസും വിശദീകരണ യോഗവും നടത്തി. വരാനിരിക്കുന്ന യൂണിയന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തി തെളിയിക്കല്‍ കൂടിയായിരുന്നു കണിച്ചുകുളങ്ങരയിലെ യോഗം.

വിശദീകരണ യോഗം എന്നായിരുന്നു പേരെങ്കിലും വെള്ളാപ്പള്ളി നടേശന്‍ ലക്ഷ്യം വെച്ചത് വരാനിരിക്കുന്ന എസ്എന്‍ഡിപി യൂണിയന്‍ തെരെഞ്ഞെടുപ്പാണ്. യൂണിയനിലെ വിമത ശബ്ദങ്ങളെ ഒപ്പം നിര്‍ത്താനും എതിര്‍ ചേരിയെ തന്റെ കരുത്ത് അറിയിക്കാനുമായിരുന്നു കണിച്ചുകുളങ്ങരയിലെ പ്രതിഷേധ സദസ്.

കെ കെ മഹേശന്റെ ആത്മഹത്യയില്‍ താന്‍ പ്രതിച്ചേര്‍ക്കപ്പെട്ടത് സമൂദായാത്തിനരെയുള്ള നീക്കമായി വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. പൊതുവേദിയില്‍ വ്യക്തിപരമായി മഹേശനെ അവഹേളിക്കുകയും ചെയ്തു.

എസ്എന്‍ഡിപി യോഗത്തിന്റെ പ്രാതിനിധ്യ വോട്ടവകാശം റദ്ദു ചെയ്ത നടപടി നിലവിലെ ഭരണസമിതിക്ക് തിരിച്ചടിയാണ്. ഇതിനിടയില്‍ കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ടത് ഇരട്ടപ്രഹരമായി മാറി. തുഷാര്‍ വെള്ളാപ്പള്ളി
ക്കെതിരെയും ആരോപണങ്ങള്‍ ഉണ്ട്. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇക്കാര്യങ്ങള്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് വിശദീകരണ യോഗങ്ങള്‍ക്ക് പിന്നില്‍ എന്ന് വെള്ളാപ്പള്ളി വിരുദ്ധ വിഭാഗം ആരോപിച്ചു.