Kerala

ലാവ്‌ലിൻ കേസ് ചൊവ്വാഴ്ച പരിഗണിക്കും; ബെഞ്ചിൽ മാറ്റം ഇല്ല

ലാവ്‌ലിൻ കേസ് പരിഗണിക്കുന്ന ബെഞ്ചിൽ മാറ്റം ഇല്ല. ചൊവ്വാഴ്ചത്തെ കേസ് ലിസ്റ്റിൽ ലാവ്‌ലിൻ കേസ് ഇടം പിടിച്ചു. ചീഫ് ജസ്റ്റിസ് യു.യു.ലളിത്, എസ്.രവീന്ദ്ര ഭട്ട്, ജെ.ബി.പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

പിണറായി വിജയൻ ഉൾപ്പടെ മൂന്നു പേർ വിചാരണ നേരിടേണ്ടതില്ല എന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹ‍ർജിയാണ് സുപ്രിം കോടതിയിലെത്തിയിട്ടുള്ളത്. നിലവിലെ പ്രതികൾ നൽകിയ അപ്പീലും കക്ഷി ചേരാനുള്ള വി.എം.സുധീരന്റെ അപേക്ഷയും ഉൾപ്പെടെ ആകെ അഞ്ചു ഹർജികളാണ് സുപ്രിം കോടതി പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് രണ്ടാമത്തെ കേസായാണ് ലാവ്‌ലിൻ ഉൾപ്പെടുത്തിയിരിക്കുന്നത്.

പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രിം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവച്ചത്.