Kerala

ശിവശങ്കര്‍ അഞ്ചാം പ്രതി: ഏഴ് ദിവസം എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയില്‍ വിട്ടു

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടു. ഒരാഴ്ചത്തേക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കസ്റ്റഡി അനുവദിച്ചത്. ഇ.ഡി ചുമത്തിയ കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ.

വൈദ്യപരിശോധനക്ക് ശേഷം രാവിലെ പത്തരയോടെയാണ് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയത്. രണ്ടാഴ്ച ശിവശങ്കറിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ ഒരാഴ്ച മാത്രമാണ് കോടതി കസ്റ്റഡി അനുവദിച്ചത്. ഗുരുതരമായ നടുവേദന ഉണ്ടെന്നും അന്വേഷണസംഘം അനാവശ്യമായി ചോദ്യം ചെയ്യലിന് വിധേയനാക്കുകയാണെന്നും ശിവശങ്കർ നേരിട്ട് കോടതിയിൽ അറിയിച്ചു. ഇക്കാര്യം പരിഗണിച്ച കോടതി ശിവശങ്കറിന് ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകി.

അതേസമയം ശിവശങ്കർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നായിരുന്നു ഇ.ഡി കോടതിയിൽ എടുത്ത നിലപാട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന കാര്യവും പ്രോസിക്യൂഷൻ തള്ളി. ശിവശങ്കറിന് അഭിഭാഷകനെ കാണാനുള്ള അവസരം നൽകണമെന്നും തുടർച്ചയായി മൂന്ന് മണിക്കൂർ ചോദ്യം ചെയ്താൽ വിശ്രമം അനുവദിക്കണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് ഇ.ഡി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാത്രിയില്‍ വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയെങ്കിലും കോടതിയില്‍ ഹാജരാക്കുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഇ.ഡി ശിവശങ്കറുള്ള ആയുര്‍വേദ ആശുപത്രിയിലെത്തിയത്. രണ്ട് ഉദ്യോഗസ്ഥരെത്തി ശിവശങ്കറിനെ കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആറ് മണിക്കൂര്‍ ചോദ്യംചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രിന്‍സിപ്പള്‍ സെക്രട്ടറിയെന്ന നിലയില്‍ ഉന്നത അധികാരങ്ങള്‍ കയ്യാളിയിരുന്ന സ്ഥാനത്ത് നിന്നാണ് സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയനിലേക്ക് എം ശിവശങ്കര്‍ എത്തുന്നത്. വിവിധ അന്വേഷണ ഏജന്‍സികളുടെ മാരത്തോണ്‍ ചോദ്യം ചെയ്യലും ശിവശങ്കറിന് നേരിടേണ്ടി വന്നു.

ജൂണ്‍ 30ന് ദുബൈയിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് കാര്‍ഗോ വിമാനത്തില്‍ നിന്ന് സ്വര്‍ണമടങ്ങിയ ബാഗേജ് കണ്ടെത്തുന്നതോടെയാണ് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സ്വര്‍ണക്കടത്ത് കേസിന് തുടക്കമാവുന്നത്. ഐടി വകുപ്പിന് കീഴിലുളള സ്പേസ് പാര്‍ക്കിലെ ഓപ്പറേഷന്‍ മാനേജരായിരുന്ന സ്വപ്ന സുരേഷാണ് സ്വര്‍ണക്കടത്തിന്‍റ മുഖ്യ ആസൂത്രകയെന്ന് അന്വേഷണ സംഘം തുടര്‍ന്ന് കണ്ടെത്തി. തൊട്ട് പിന്നാലെ സ്വപ്നയുമായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പിള്‍ സെക്രട്ടറിയായ ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നതിന്‍റെ തെളിവുകളും പുറത്ത് വന്നു.

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ജൂലൈ 7ന് ശിവശങ്കറെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. ജൂലൈ 14ന് കസ്റ്റംസ് ആദ്യമായി ശിവശങ്കറെ ചോദ്യം ചെയ്തു.ഇതിനെ പിന്നാലെ ജൂലൈ 16ന് ശിവശങ്കറെ സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കി. കസ്റ്റംസിനെ കൂടാതെ എന്‍ഐഎയും സ്വര്‍ണക്കടത്ത് കേസിലേക്ക് വന്നതോടെ ശിവശങ്കറിന് മേല്‍കുരുക്ക് മുറുകി. ജൂലൈ 23ന് എന്‍ഐഎയും ശിവശങ്കറെ ചോദ്യം ചെയ്തു. പിന്നീട് ജൂലൈ 27നും 28നും രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍. ഓഗസ്റ്റ് 7ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ശിവശങ്കറെ ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തി. ഓഗസ്റ്റ് 16ന് വീണ്ടും ഇ.ഡിയുടെ ചോദ്യം ചെയ്യല്‍.

സെപ്റ്റംബര്‍ 24ന് സ്വപ്നയേയും ശിവശങ്കറേയും എന്‍ഐഎ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ഒക്ടോബര്‍ 10ന് സമാനമായ രീതിയില്‍ കസ്റ്റംസും ചോദ്യം ചെയ്തു. ഒക്ടോബര്‍ 14ന് ചോദ്യം ചെയ്യലിന് ഇ.ഡി നോട്ടീസ് അയച്ചതിന് പിന്നാലെ ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി പരിഗണിച്ച കോടതി ശിവശങ്കറെ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ടു. ഒക്ടോബര്‍ 16ന് കസ്റ്റംസ് സംഘം വീട്ടിലെത്തി ശിവശങ്കറെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഒക്ടോബര്‍ 23ന് ഹരജി വീണ്ടും പരിഗണിക്കുന്ന വേളയില്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ ശിവശങ്കറാകാം എന്ന ഗുരുതരമായ ആരോപണം ഇ.ഡി ഹൈക്കോടതിയില്‍ ഉന്നയിക്കുന്നു.എന്നാല്‍ ശിവശങ്കറെ 28 വരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ഒക്ടോബര്‍ 28ന് ശിവശങ്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി.

വിധി വന്ന് 5 മിനുട്ടിനുളളില്‍തന്നെ എന്‍ഫോഴ്സ്മെന്‍റ് സംഘം ആശുപത്രിയിലെത്തി ശിവശങ്കറെ കസ്റ്റഡിയിലെടുത്തു. ഡിജിറ്റല്‍ തെളിവുകളടക്കം നിരത്തി അന്വേഷണ സംഘം നടത്തുന്ന ചോദ്യം ചെയ്യലാകും ശിവശങ്കറിന്‍റയും സ്വര്‍ണക്കടത്ത് കേസിൻറെയും ഭാവി ഇനി നിര്‍ണയിക്കുക.