Kerala

സില്‍വര്‍ ലൈന്‍ പ്രക്ഷോഭം കടുപ്പിക്കും; യുഡിഎഫ് നേതൃയോഗം ഇന്ന്

സില്‍വര്‍ ലൈനില്‍ തുടര്‍പ്രക്ഷോഭം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന്. രാവിലെ 10ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം ചേരുക.
സില്‍വര്‍ ലൈന്‍ പ്രക്ഷോഭം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനാണ് യുഡിഎഫ് തീരുമാനം.

കല്ലിടലിനെതിരെ നിലവിലെ പ്രതിഷേധങ്ങള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കാനും യുഡിഎഫില്‍ ആലോചനയുണ്ട്. പിഴുതെറിഞ്ഞ കല്ലുകള്‍ പുനസ്ഥാപിക്കുന്നതിന് മന്ത്രിമാര്‍ മുന്നിട്ടിറങ്ങിയ സാഹചര്യത്തില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിയുന്ന കാര്യത്തില്‍ കൂടുതല്‍ വാശിയോടെ മുന്നോട്ടുപോകാനാകും മുന്നണി ശ്രമിക്കുക.

യുഡിഎഫിന്റെ സമരങ്ങളോടുള്ള ജനങ്ങളുടെ മനോഭാവവും യോഗത്തില്‍ ചര്‍ച്ചയാകും. ജനകീയ സദസുകള്‍ ഉദ്ദേശിച്ച ഫലം കണ്ടുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ഇരട്ടിയിലധികം നഷ്ടപരിഹാരം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമരരംഗത്ത് നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നതിനുള്ള തന്ത്രമാണെന്ന പ്രചാരണവും യുഡിഎഫ് ശക്തമാകും. കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് നിയമസഹായം നല്‍കുന്നതും യോഗം പരിഗണിക്കും.