Kerala

സിൽവർ ലൈൻ; പ്രധാനമന്ത്രി എല്ലാം അനുഭാവപൂർവം കേട്ടുവെന്ന് സർക്കാർ വൃത്തങ്ങൾ; വൈകിട്ട് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും

സിൽവർ ലൈനിൽ പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ചീഫ് സെക്രട്ടറിക്കും ജോൺ ബ്രിട്ടാസ് എം.പിക്കുമൊപ്പം പാർലമെന്റിലാണ് കൂഴിക്കാഴ്ച്ച നടന്നത്. പ്രധാനമന്ത്രി എല്ലാം അനുഭാവപൂർവം കേട്ടുവെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇന്ന് നാല് മണിക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. സിൽവർ ലൈനിൽ അന്തിമ അനുമതി ലഭിക്കുന്നതിന്റെ സാധ്യതകൾ മുഖ്യമന്ത്രി വൈകിട്ട് വിശദീകരിച്ചേക്കും. കൂടിക്കാഴ്ച്ച നടന്ന സമയം റെയിൽവേ മന്ത്രി അശ്വിനി പ്രധാനമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്നു.

സിൽവർ ലൈനിനെതിരെ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യുഡിഎഫ് എംപിമാരെ ഡല്‍ഹി പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പൊലീസ് പ്രതിരോധം മറികടന്ന് മുന്നേറിയ ഹൈബി ഈഡന്‍ എംപിയുടെ മുഖത്തടിച്ചു. കൂടാതെ ടി.എന്‍.പ്രതാപനേയും ഡീന്‍ കുര്യാക്കോസിനേയും പൊലീസും കൈയേറ്റം ചെയ്തു. മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്ന പശ്ചാത്തലത്തില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സത്യാഗ്രഹം നടത്താനായിരുന്നു യുഡിഎഫ് എംപിമാര്‍ പദ്ധതിയിട്ടിരുന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് എംപിമാരായ ഹൈബി ഈഡനും ആന്റോ ആന്റണിയും നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്തിയ ശേഷം പുറമേ നിന്ന് ആരേയും ഉള്‍പ്പെടുത്താതെ വിജയ്ചൗക്കില്‍ നിന്ന് എംപിമാര്‍ തന്നെ പ്രതിഷേധവുമായി ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്ക് നീങ്ങുകയായിരുന്നു. ഇതിനുശേഷം പാര്‍ലമെന്റിലേക്ക് പോകുകയെന്നതാണ് എംപിമാര്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും ഡല്‍ഹി പൊലീസ് വഴിയില്‍ തടയുകയായിരുന്നു.