തലസ്ഥാനത്ത് വീണ്ടും ലഹരി മാഫിയാ സംഘങ്ങള്‍ ഏറ്റുമുട്ടി. ഒരു യുവാവ് കൊല്ലപ്പെട്ടു. ശ്രീവരാഹം സ്വദേശി ശ്യാം ആണ് കൊല്ലപ്പെട്ടത്. തുടര്‍ച്ചയായുണ്ടായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നൂറിലധികം ക്രിമനലുകളുടെ പട്ടിക പൊലീസ് തയ്യാറാക്കി.
മയക്കു മരുന്ന് സംഘങ്ങളെ അടിച്ചമര്‍ത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദ്ദീന്‍ പറഞ്ഞു. തലസ്ഥാനത്തെ മാഫിയ സംഘങ്ങളുടെ വിളയാട്ടം പൊലീസിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ശ്രീവരാഹം ക്ഷേത്രത്തിന് സമീപം ലഹരി മാഫിയാ സംഘങ്ങള്‍ ഏറ്റുമുട്ടിയത്. ഇത് തടയാന്‍ ശ്രമിച്ച ശ്യാമിനെ സംഘത്തിലെ അര്ജ്ജുന് എന്നയാള്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. വിമല്‍, ഉണ്ണിക്കണ്ണന് എന്നിവര്‍ക്കും കുത്തേറ്റു. അക്രമി സംഘത്തിലെ മനോജ്, രഞ്ജിത്ത് എന്നിവരെ സ്ഥലത്ത് നിന്ന് പൊലീസ് പിടികൂടി. എന്നാല്‍ മുഖ്യപ്രതി അര്ജ്ജുന് പൊലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞു.
ഇയാള്‍ക്കായുളള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതി തയ്യാറാക്കി. 360 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇവരെ കരുതല്‍ തടങ്കലില്‍ എടുക്കാനാണ് തീരുമാനം. രാത്രി നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെയും ഏര്‍പ്പെടുത്തി.