India Kerala

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ; ഷോൺ ജോർജ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ശ്രദ്ധ തിരിക്കാനെന്ന് ഷോൺ ജോർജ്. എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ ശ്രമം. ബുധനാഴ്ച ഉത്തരവ് വരുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. പി വി പിണറായി വിജയൻ തന്നെയെന്നും ഷോൺ ജോർജ് പറഞ്ഞു.

എക്സാലോജിക്കിനെതിരായ ഈ അന്വേഷണം എത്തിക്കേണ്ടിടത്ത് താൻ എത്തിക്കും. ഒരു രാഷ്ട്രീയ മുന്നണിയുടെയും പിന്തുണയോ സഹായമോ താൻ തേടിയിട്ടില്ല. വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഇന്ന് ഉച്ച കഴിഞ്ഞ് എന്തും സംഭവിക്കാം. തന്നെ ആരെങ്കിലും അപായപ്പെടുത്തിയാലും ഈ കേസ് മുന്നോട്ടു കൊണ്ടുപോകാൻ അഞ്ചു പേരെ താൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കോട്ടയത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിനു മുന്നിൽ ഈ വിഷയത്തിലെ ഏക പരാതി തന്റേതു മാത്രമാണ്. കോടികൾ കട്ടവൻ ഒരു മാങ്ങ കക്കുമ്പോഴാകും പിടിക്കപ്പെടുക. അത്തരമൊരു മാങ്ങയാണ് എക്സാലോജികെന്നും ഷോൺ ജോര്‍ജ് പറഞ്ഞു.