പി.സി ജോർജിന്റെ അറസ്റ്റിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഷോൺ ജോർജ്. പുത്രീ വാത്സ്യം മൂത്ത് പിണറായി വിജയന് ഭ്രാന്തായതാണെന്ന് ഷോൺ ജോർജ് തുറന്നടിച്ചു.
‘രണ്ട് മാസത്തിനിടയിലെ മൂന്നാമത്തെ അറസ്റ്റാണ് ഇത്. അരി അഹാരാം കഴിക്കുന്ന ഏത് മനുഷ്യനും ഇത് മനസിലാകാൻ വലിയ താമസമൊന്നും വേണ്ട. എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട സംഭവത്തിൽ സിപിഐഎം പ്രതിക്കൂട്ടിൽ നിൽക്കുന്നു. സ്പ്രിംക്‌ളർ, പിഡ്ബ്ല്യുസി അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ മകൾ കൃത്യമായി പ്രതിക്കൂട്ടിൽ നിൽക്കുന്നു. ഒരു വിവാദത്തെ മറ്റൊരു വിവാദം കൊണ്ട് തളയ്ക്കുക എന്നത് പിണറായിയുടേയും സിപിഐഎമ്മിന്റേയും സ്ഥിരം വഴിയാണ്. ഇതിന് ഏറ്റവും എളുപ്പമുള്ള മാർഗം പിസി ജോർജിന്റെ അറസ്റ്റാണ്. പരാതിക്കാരി പറഞ്ഞ പേരുകൾ കൊടുത്താൽ ജയിലുകളിൽ മറ്റ് പ്രതികൾക്ക് കിടക്കാൻ സ്ഥലമുണ്ടാകില്ല. കേരള നിയമസഭയിൽ തന്നെ കോറം തികയണമെങ്കിൽ ചിലപ്പോൾ പുറത്ത് നിന്ന് ആളെ വിളിക്കേണ്ടി വരും. അതാണ് പരാതിക്കാരിയുടെ റെലവൻസി’- ഷോൺ ജോർജ് പറഞ്ഞു.
പിസി ജോർജ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഭാര്യ ഉഷയും പറഞ്ഞു. അറസ്റ്റ് പിണറായി വിജയന്റെ കളിയാണ്. ഒരു മനുഷ്യനെ ഭീഷണിപ്പെടുത്തി ഒതുക്കാമെന്ന് കരുതേണ്ട. ഇത് രാഷ്ട്രീയ വൈരാഗ്യമാണെന്ന് ആർക്കും മനസ്സിലാകും. പിസി ജോർജിനെ കുടുക്കാൻ ആസൂത്രിത നീക്കം നടക്കുകയാണെന്നും ഉഷ ആരോപിച്ചു. മുഖ്യമന്ത്രി പിസി ജോർജിനെയും കുടുംബത്തെയും വേട്ടയാടുകയാണ്. തന്നെ പീഡിപ്പിക്കാത്ത ഏക വ്യക്തി പിസി ജോർജ് മാത്രമാണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. അപ്പന് തുല്യമെന്ന് രണ്ടാഴ്ച മുൻപ് വരെ പറഞ്ഞിരുന്ന സ്ത്രീ മൊഴി മാറ്റിയത് എങ്ങനെ? പരാതിക്കാരിയെ സർക്കാർ ഉപയോഗിക്കുകയാണെന്നും ഉഷ പറഞ്ഞു.പരാതിക്കാരി വീട്ടിൽ വരാറുണ്ട്, സ്വപ്ന സുരേഷും വരുമായിരുന്നു. ഇരുവരുമായി താൻ സംസാരിച്ചിട്ടുണ്ട്. 40 വർഷമായി പുള്ളിയോടൊപ്പം ജീവിക്കുന്നു, ഇതുവരെ നുള്ളി നോവിച്ചിട്ടില്ല. പിണറായി വിജയനെതിരായ കുറ്റങ്ങളും ആരോപണങ്ങളും പുറത്തു വരാതിരിക്കാനാണ് പുതിയ നാടകമെന്നും ഭാര്യ ഉഷ കൂട്ടിച്ചേർത്തു.
സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് ജനപക്ഷം നേതാവ് പി.സി ജോർജിനെ അറസ്റ്റ് ചെയ്തത്. ഈ വർഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ പ്രതി രഹസ്യമൊഴി നൽകിയിരുന്നു. അതേസമയം ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്ന് പി.സി.ജോർജ് പ്രതികരിച്ചു. ഇത് കള്ളക്കേസാണെന്നും താൻ നിരപരാധിയെന്ന് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.