Kerala

എം ശിവശങ്കറിന്റെ ഫോണ്‍ പിടിച്ചെടുത്തു

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളുമായി എം ശിവശങ്കര്‍ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു. ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ശിവശങ്കറിന്‍റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തത്. കോടതി മുഖേനെ മാത്രമേ ഫോണ്‍ തിരിച്ചുകൊടുക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാവുകയുള്ളൂ.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളുമായി എം ശിവശങ്കര്‍ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഫോണില്‍ നിന്ന് ലഭിച്ചേക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടല്‍. ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.

അതിനിടെ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ എന്‍.ഐ.എ റെയ്ഡ് നടത്തി. കേസുമായി ബന്ധപ്പട്ട് ഇതാദ്യമായാണ് സര്‍ക്കാര്‍ വകുപ്പിന് കീഴിലുള്ള ഒരു സ്ഥാപനത്തില്‍ എന്‍.ഐ.എ റെയ്ഡ് നടത്തുന്നത്. ഐടി വകുപ്പിന് കീഴില്‍ സ്വപ്‌ന സുരേഷ് ജോലി ചെയ്തിരുന്ന സ്ഥാപനമാണിത്. രണ്ടര മണിക്കൂറാണ് എന്‍.ഐ.എയുടെ പരിശോധന നീണ്ടത്.