പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും കൂട്ടംകൂടിയതിന്‍റെ ചിത്രം പങ്കുവെച്ചാണ് ശശി തരൂരിന്‍റെ വിമര്‍ശനം.
സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ നടത്തിയതിനെതിരെ ശശി തരൂര്‍ എംപി. തിരുവനന്തപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും കൂട്ടംകൂടിയതിന്‍റെ ചിത്രം പങ്കുവെച്ചാണ് ശശി തരൂരിന്‍റെ വിമര്‍ശനം.
കീം 2020 സാമൂഹ്യ അകലം പാലിക്കാനുള്ള നിയന്ത്രണങ്ങളെ പൂര്‍ണമായും പരിഹസിക്കുന്ന രീതിയിലായി. കോവിഡിനെ ഫലപ്രദമായി ചെറുക്കാന്‍ താല്‍പര്യമുള്ള ഭരണകൂടം ചെയ്യേണ്ടത് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാതിരിക്കുകയായിരുന്നു. പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാര്‍ഥികളും എംപിയായ താനും ആവശ്യപ്പെട്ടത് കണക്കിലെടുത്തില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ശശി തരൂര്‍ പറഞ്ഞു.
ഏപ്രില്‍ 20ന് നിശ്ചയിച്ചിരുന്ന പരീക്ഷ കോവിഡ് വ്യാപനത്തിന് പിന്നാലെ ജൂലൈ 16ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. സാമൂഹ്യ അകലവും ജാഗ്രതയും പാലിച്ചായിരിക്കും പരീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും പലയിടത്തും പാലിക്കപ്പെട്ടില്ല. പരീക്ഷാ കേന്ദ്രങ്ങളിലും ബസ് സ്റ്റോപ്പുകളിലും തിരക്ക് ഒഴിവാക്കാൻ സംവിധാനമൊരുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സാമൂഹ്യ വ്യാപനത്തിന്‍റെ വക്കില്‍ നില്‍ക്കുന്ന തിരുവനന്തപുരത്ത് പോലും പാലിക്കപ്പെട്ടില്ല.