Kerala

പാലക്കാട്ടെ ഷാജഹാൻ വധക്കേസ്; രണ്ട് പേർ പിടിയിൽ

പാലക്കാട് സിപിഐഎം ലോക്കൽ കമ്മറ്റിയംഗം ഷാജഹാൻ്റെ കൊലപാതകത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും സഹായിച്ച മറ്റൊരാളുമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. പിടിയിലായവരെ പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കേസിൽ ആകെ എട്ട് പ്രതികളാണ് ഉള്ളത്. ബാക്കിയുള്ളവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

പാലക്കാട്ടെ സിപിഐഎം പ്രവർത്തകൻ ഷാജഹാൻ വധക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 19 അംഗ സംഘത്തെയാണ് നിയോഗിച്ചത്. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് ആണ് പുതിയ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്.

പാലക്കാട് മരുതറോഡ് സിപിഐഎം ലോക്കൽകമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ഷാജഹാൻ. ഷാജഹാന്റെത് രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് എഫ്‌ഐആർ. എട്ട് ബിജെപി പ്രവർത്തകർ ചേർന്നാണ് കൃത്യം നടത്തിയത്. അക്രമികൾ കഴുത്തിലും കാലിലും മാരകമായി പരുക്കേൽപ്പിച്ചു എന്നും എഫ്‌ഐആറിൽ പറയുന്നു. എഫ്‌ഐആർ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. അതേസമയം അമിതമായി രക്തം വാർന്നതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കുമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സിപിഐഎമ്മിന്റെ ആരോപണങ്ങൾ മുഖം രക്ഷിക്കാനെന്നാണ് ബിജെപി വാദം. പ്രതികൾ സിപിഐഎമ്മിന്റെ തന്നെ സജീവ പ്രവർത്തകരാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ട്വന്റിഫോറിനോട് പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിൽ നിന്ന് പ്രതികളുടെ രാഷ്ട്രീയം വ്യക്തമാകുമെന്നും കൃഷ്ണകുമാർ പറഞ്ഞു.

ബിജെപി പ്രവർത്തകരായ ശബരീഷ്, അനീഷ്, നവീൻ, ശിവരാജൻ, സിദ്ധാർത്ഥൻ, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരുടെ പേരുകളാണ് എഫ്‌ഐആറിൽ ഉള്ളത്. കൊലപ്പെടുത്തിയത് മുൻ പാർട്ടി അംഗങ്ങൾ തന്നെയെന്ന് ദൃക്‌സാക്ഷി പറഞ്ഞിരുന്നു. പ്രദേശവാസിയായ അനീഷും ശബരീഷും സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് ഷാജഹാന്റ സുഹൃത്തുകൂടിയായ ദൃക്‌സാക്ഷി വെളിപ്പെടുത്തി.