Kerala

പി എസ് സി യെ കരുവന്നൂര്‍ ബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുത്; ഷാഫി പറമ്പിൽ

കരുവന്നൂർ ബാങ്കിന്റെ നിലവാരത്തിലേക്ക് കേരളത്തിലെ പബ്ലിക് സർവീസ് കമ്മിഷനെ താഴ്ത്തരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.എൽ.എ. പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യവുമായി അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാംതരംഗത്തിലുമായി ഏകദേശം 115 ദിവസം കേരളത്തിലെ സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചിട്ടില്ല. ആ സമയത്തൊക്കെ, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ വലിയ വീഴ്ചകളും കുറവുകളുമുണ്ടായി.

‘വിശ്വാസ്യതയുടെയും സുതാര്യതയുടെയും കാര്യത്തിൽ സഹ്യപർവതത്തിനൊപ്പം ഉയരമുണ്ടായിരുന്ന പി.എസ്.സി. ഇന്ന് തൃശ്ശൂരിലെ കരുവന്നൂർ ബാങ്കിന്റെ അവസ്ഥയിലേക്ക് മാറുകയാണ്. ഉദ്യോഗാർഥികളുടെ താൽപര്യത്തിനപ്പുറം മറ്റു പലതും സംരക്ഷിക്കപ്പെടാനുള്ള കേന്ദ്രമായി പി.എസ്.സിയെ മാറ്റാൻ സർക്കാർ അനുവദിക്കരുത്. അത് പാർട്ടി സർവീസ് കമ്മീഷനാക്കാൻ അനുവദിക്കരുത് എന്ന് കേരളത്തിലെ ചെറുപ്പക്കാർക്കു വേണ്ടി ആവശ്യപ്പെടുകയാണ്’ ഷാഫി പറഞ്ഞു.

റാങ്ക് ലിസ്റ്റ് മൂന്നുമാസത്തേക്ക് എങ്കിലും നീട്ടണമെന്ന് ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ പോയി നേടിയ വിധിയാണ്. ആ വിധിക്കെതിരെ എന്തിനാണ് പി.എസ്.സി. അപ്പീൽ പോകുന്നത്, അതിന് എന്തിനാണ് സർക്കാർ പിന്തുണ കൊടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.സർക്കാർ ഉദാരമായ സമീപനം വെച്ചുപുലർത്തി യോഗ്യതയുള്ളവരെ സർവീസിൽ കൊണ്ടുവരാൻ അൽപം കൂടി സമയം അനുവദിച്ചു കൊടുക്കുകയാണ് വേണ്ടത്. തൊഴിൽ കിട്ടാൻ ലിസ്റ്റിൽ ഉള്ളവർ ജോലിക്കു വേണ്ടി ഇപ്പോഴും പുറത്തുനടക്കുകയാണെന്നും അതിനു പകരം പിടിവാശി ആരെ സഹായിക്കാൻ വേണ്ടിയാണെന്നും ഷാഫി ആരാഞ്ഞു.