കണ്ണൂര്‍ കൂത്തുപറമ്പില്‍ എസ്.എഫ്.ഐയുടെ വിലക്കിനെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ക്ക് കോളേജില്‍ പ്രവേശിക്കാന്‍ കഴിയാതായിട്ട് രണ്ട് മാസം. കൂത്തുപറമ്പ് എം.ഇ.എസ് കോളേജ് പ്രിന്‍സിപ്പാള്‍ എന്‍.യൂസഫിനാണ് എസ്.എഫ്.ഐ വിലക്കേര്‍പ്പെടുത്തിയത്. ഹാജരില്ലാത്തതിനാല്‍ മൂന്ന് നേതാക്കളെ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതാണ് വിലക്കിന് കാരണം.
കോളേജിലെത്തിയ പ്രിന്‍സിപ്പാള്‍ എന്‍. യൂസഫിനെ കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിനായിരുന്നു എസ്.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞത്. തുടര്‍ന്ന് രണ്ട് മാസം കഴിഞ്ഞിട്ടും പ്രിന്‍സിപ്പളിന് കോളേജില്‍ കാല് കുത്താനായിട്ടില്ല. ഹാജറില്ലാത്തതിന്‍റെ പേരില്‍ ജില്ലാ കമ്മറ്റി അംഗം ഷൈന്‍,വിശാല്‍പ്രേം,മുഹമ്മദ് ഫെര്‍ണസ് എന്നീ എസ്.എഫ് .ഐ നേതാക്കളെ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നതാണ് വിലക്കിന് കാരണം. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എം.ഇ.എസ് മാനേജ്മെന്‍റെ് അധികൃതരെ സമീപിച്ചിരുന്നെങ്കിലും സി.പി.എമ്മിനെ ഭയന്ന് ഇവര്‍ പിന്‍വാങ്ങിയെന്നും പ്രിന്‍സിപ്പാള്‍ പറയുന്നു.
സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിന്‍സിപ്പള്‍ ഗവര്‍ണര്‍ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രിന്‍സിപ്പാളിന് വിലക്കേര്‍പ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണന്നാണ് എസ്.എഫ്.ഐയുടെ വിശദീകരണം.