മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാർക്കും കൂടുതൽ അധികാരങ്ങൾ നൽകുന്ന തരത്തിൽ ഭരണ നടപടിക്രമങ്ങള്‍ മാറ്റം വരുത്താനുള്ള നീക്കം വിവാദത്തിൽ
മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാർക്കും കൂടുതൽ അധികാരങ്ങൾ നൽകുന്ന തരത്തിൽ ഭരണ നടപടിക്രമങ്ങള്‍ മാറ്റം വരുത്താനുള്ള നീക്കം വിവാദത്തിൽ. സെക്രട്ടറിമാര്‍ക്ക് മന്ത്രിമാരുടേതിന് തുല്യമായ അധികാരം നല്‍കുന്നതില്‍ സിപിഐയ്ക്ക് അതൃപ്തിയുണ്ട്. എന്നാല്‍ ഭേദഗതികാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് നിയമമന്ത്രി എ. കെ ബാലന്‍ പ്രതികരിച്ചു
ടോംജോസ് ചീഫ് സെക്രട്ടറിയായ സമയത്താണ് ഭരണനടപടിക്രമങ്ങള്‍ മാറ്റം വരുത്താനുള്ള കരട് റിപ്പോര്‍ട്ട് തയ്യാറായത്. ഇത് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.കെ ബാലന്‍ അധ്യക്ഷനായ മന്ത്രിതല സമിതിയെ നിയോഗിച്ചു. കരട് റിപ്പോർട്ടിലെ നിർദ്ദേശങ്ങളിൽ പലതും മന്ത്രിമാരുടെ അധികാരം ലഘൂകരിയ്ക്കുന്നതും വകുപ്പ് സെക്രട്ടറിമാർക്കും മുഖ്യമന്ത്രിക്കും കൂടുതൽ അധികാരം നൽകുന്നത് ആണെന്നുമുള്ള പരാതി ഉയര്‍ന്നു വന്നിട്ടുണ്ട്.
സിപിഐയ്ക്ക് ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയുണ്ട്. കഴിഞ്ഞ ബുധാനാഴ്ച ചേര്‍ന്ന ഉപസമിതി യോഗത്തില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇതിലുള്ള അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അവധി, ഡെപ്യൂട്ടേഷൻ, പ്രൊബേഷൻ തുടങ്ങിയ ചെറിയ കാര്യങ്ങൾ പോലും മന്ത്രിമാർ കണ്ട് തീരുമാനം എടുക്കണമെന്നാണ് നിലവിലെ ചട്ടം. പകരം നയപരമായ കാര്യങ്ങൾ മാത്രം മന്ത്രിമാരുടെ പരിഗണനക്ക് വിട്ടാൽ മതിയെന്നാണ് പുതിയ നിർദ്ദേശം. ഇതിനോടും മന്ത്രിമാര്‍ക്ക് എതിര്‍പ്പുണ്ട്. എന്നാല്‍ ഭേദഗതിക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് മന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചു
സിപിഐക്ക് പുറമെ മറ്റ് ഘടകക്ഷി മന്ത്രിമാര്‍ക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. അതുകൊണ്ട് തന്നെ വിവാദനിര്‍ദ്ദേശങ്ങള്‍ മന്ത്രിതല സമിതി അതേപടി അംഗീകരിക്കാന്‍ സാധ്യതയില്ല.