എയ്ഡഡ് സ്കൂളുകളിൽ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനത്തിനു സമർപ്പിക്കുന്ന അപേക്ഷ വിദ്യാർഥികളറിയാതെ ഏകജാലകത്തിലേക്ക് മാറ്റിയാണ് തട്ടിപ്പ്
ഹയർ സെക്കണ്ടറി പ്രവേശനത്തിൽ സീറ്റ് തട്ടിപ്പ്. ഏകജാലക പ്രവേശന മറവിലാണ് വ്യാജ അപേക്ഷകരെ നിറച്ച് തട്ടിപ്പ് നടത്തുന്നത്. എയ്ഡഡ് സ്കൂളുകളിൽ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനത്തിനു സമർപ്പിക്കുന്ന അപേക്ഷ വിദ്യാർഥികളറിയാതെ ഏകജാലകത്തിലേക്ക് മാറ്റിയാണ് തട്ടിപ്പ്. ഇത്തരത്തിൽ ഈ വർഷം 2000ത്തിലധികം വ്യാജ അപേക്ഷകളാണ് ഏകജാലക പ്രവേശനത്തിനായി ലഭിച്ചത്.
മാനേജ്മെന്റ് ക്വാട്ടയിൽ സീറ്റ് ഉറപ്പിച്ച വിദ്യാർഥികൾ അതേ സ്കൂളിൽ സമർപ്പിക്കുന്ന അപേക്ഷയാണ് വിദ്യാർഥിയോ രക്ഷാകർത്താവോ അറിയാതെ സ്കൂൾ അധികൃതർ ഓൺലൈനിൽ അതേ സ്കൂളിലേക്ക് ഏകജാലക അപേക്ഷയായി മാറ്റിനൽകുന്നത്. പ്രവേശന അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുേമ്പാൾ ഈ വിദ്യാർത്ഥി ഉൾപ്പെട്ടാൽ മാനേജ്മെന്റ് ക്വാട്ട എന്ന വ്യാജേന വിദ്യാർഥിക്ക് പ്രവേശനം നൽകുന്നു. തലവരിപ്പണവും വാങ്ങും. ഈ വിദ്യാർഥിക്ക് വാഗ്ദാനം ചെയ്ത മാനേജ്മെന്റ് ക്വാട്ട സീറ്റ് മറ്റൊരാൾക്ക് തലവരിപ്പണം വാങ്ങി മറിച്ചുനൽകും. ഒരു സീറ്റിന് രണ്ടു പേരിൽനിന്ന് തലവരിപ്പണം ഈടാക്കാൻ ഇതുവഴി കഴിയും.
മുൻ വർഷങ്ങളിൽ വ്യാജ അപേക്ഷകളുണ്ടായെന്ന സൂചനയെ തുടർന്ന് ഹയർസെക്കൻഡറി വിഭാഗം ഇത്തവണ പ്രത്യേക സംവിധാനം ഏർപ്പെടുത്തുകയായിരുന്നു. വ്യാജ അപേക്ഷകൾക്ക് തടയിടാൻ പ്രവേശന നടപടികളിൽ ആദ്യമായി മൊബൈൽ അധിഷ്ഠിത വൺ ടൈം പാസ്വേഡ് (ഒ.ടി.പി) ഉപയോഗിച്ച് കാൻഡിഡേറ്റ് ലോഗിൻ സമ്പ്രദായം ഏർപ്പെടുത്തുകയും ചെയ്തു. അപേക്ഷ സമർപ്പണം പൂർത്തിയായ ശേഷം അലോട്ട്മെന്റ് ഉൾപ്പെടെ പ്രവേശന നടപടികൾ പൂർണമായും കാൻഡിഡേറ്റ് ലോഗിനിലൂടെ മാത്രമാക്കി. വ്യാജമെന്ന് കണ്ടെത്തിയ 2000ത്തിലധികം അപേക്ഷകളിൽ ഒന്നിൽ പോലും ഇതുവരെ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ചിട്ടില്ല.