ആലപ്പുഴ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യ കേസില്‍ എസ്ഡിപിഐ നേതാവിനെ കസ്റ്റഡിയിലെടുത്തു. കാഞ്ഞിരമറ്റം സ്വദേശി കെ എച്ച് നാസറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ട് ആലപ്പുഴയില്‍ റാലിക്കിടെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ചിരുന്നു. മുദ്രാവാക്യം വിളിച്ച പത്ത് വയസുകാരനെ കൗണ്‍സിലിങ്ങിനും വിധേയനാക്കിയിരുന്നു. ചൈല്‍ഡ് ലൈനാണ് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൗണ്‍സിലിങ്ങിന് വിധേയനാക്കിയത്. മുദ്രാവാക്യം ആരും പഠിപ്പിച്ചിതല്ലെന്നും പരിപാടികളില്‍ നിന്ന് കേട്ട് പഠിച്ചതാണെന്നുമാണ് കുട്ടി പറഞ്ഞത്.
വിദ്വേഷ മുദ്രാവാക്യം കേസില്‍ കുട്ടിയുടെ പിതാവുള്‍പ്പെടെ നാല് പേരെക്കൂടി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ പിതാവ് അഷ്‌കര്‍, പോപ്പുലര്‍ ഫ്രണ്ട് പള്ളുരുത്തി ഡിവിഷന്‍ ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട് ഡിവിഷന്‍ സെക്രട്ടറി നിയാസ് എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ സൗത്ത് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മതവിദ്വേഷം പ്രചരിപ്പിക്കാന്‍ അവസരം ഒരുക്കി നല്‍കിയെന്ന് ചൂണ്ടിക്കാട്ടി 153എ പ്രകാരമാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.