Education Kerala

സ്കൂളുകൾ പൂർണമായി അടക്കില്ല; കോളജ് ക്ലാസുകളും ഓഫ്‌ലൈനായി തുടരും

സംസ്ഥാനത്ത് സ്കൂളുകൾ പൂർണമായി അടക്കില്ല. 10, 11, 12 ക്ലാസുകൾ ഓഫ്‌ലൈനായി തുടരും. കോളജ് ക്ലാസുകളും ഓഫ്‌ലൈനായിത്തന്നെ തുടരും. സ്കൂളുകൾ പൂർണമായി അടക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. ഇതാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് ഇന്ന് 46,387 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. (schools colleges wont close)

എല്ലാ ഞായറാഴ്ചകളിലും ലോക്ഡൗണിനുസമാനമായ അടച്ചിടലുണ്ടാകും. അതേസമയം രാത്രികാല നിയന്ത്രണം തത്ക്കാലം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. 23, 30 തീയതികളിൽ അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 20 ആയി ചുരുക്കി. ജില്ലകളെ രണ്ട് മേഖലകളായി തിരിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനമായി. ഇന്നത്തെ കൊവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനങ്ങൾ. പാലക്കാട്, ഇടുക്കി, തിരുവനന്തപുരം, വയനാട്, പത്തനംതിട്ട ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തും. ഇവിടങ്ങളിൽ എല്ലാ പൊതുപരിപാടികൾക്കും നിയന്ത്രണമുണ്ട്. ആരാധനാ ചടങ്ങുകൾ അടക്കം ഓൺലൈനായി മാത്രമാകും നടത്തുക. തീവ്രവ്യാപനമുള്ള സ്ഥലങ്ങളിൽ പൊതുപരിപാടികൾ പാടില്ല.

നിയന്ത്രണങ്ങളുടെ ഭാഗമായി എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളെ ‘എ’ കാറ്റഗറിയിൽപ്പെടുത്തും. പൊതുപരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കി പരിമിതപ്പെടുത്തും. മാളുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് സർക്കാർ അറിയിച്ചു. ഇവിടങ്ങളിൽ മാനേജ്‌മെന്റുകൾ സ്വയം നിയന്ത്രണമേർപ്പെടുത്തണം.

അതേസമയം കേരളത്തിലെ ആശുപത്രികളിൽ ഡിസ്ചാർജ് പോളിസി പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവർ എന്നിങ്ങനെ കോവിഡ് രോഗ തീവ്രത അനുസരിച്ചാണ് ഡിസ്ചാർജ് പോളിസി പുതുക്കിയത്. നേരിയ രോഗലക്ഷണമുള്ളവർക്ക് ആശുപത്രി വിടുന്നതിന് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആകണമെന്നില്ല. രോഗ ലക്ഷണങ്ങളുള്ള രോഗികൾ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത് മുതലോ, ലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾ കൊവിഡ് സ്ഥിരീകരിച്ചത് മുതലോ വീട്ടിൽ 7 ദിവസം നിരീക്ഷണത്തിൽ കഴിയുക. അതോടൊപ്പം മൂന്ന് ദിവസം തുടർച്ചയായി പനി ഇല്ലാതിരിക്കുകയും ചെയ്താൽ ഗൃഹ നിരീക്ഷണം അവസാനിപ്പിക്കാം തുടങ്ങിയവയാണ് നിർദേശങ്ങൾ.