Kerala

കേരളത്തിൽ വിവരാവകാശ കമ്മീഷണർമാരുടെ എണ്ണം വർധിപ്പിക്കണം: സുപ്രിംകോടതി

കേരളത്തിൽ വിവരാവകാശ കമ്മീഷണർമാരുടെ എണ്ണം വർധിപ്പിക്കണമെന്ന നിർദേശം മുന്നോട്ടുവച്ച് സുപ്രിംകോടതി. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. അതിനാൽ തന്നെ കൂടുതൽ വിവരാവകാശ അപേക്ഷകൾ വരും. ഈ സാഹചര്യത്തിൽ കേരളത്തിന് കൂടുതൽ വിവരാവകാശ കമ്മീഷണർമാരുടെ ആവശ്യമുണ്ട്.

വിവരാവകാശ കമ്മീഷണർമാരുടെ എണ്ണം പതിനൊന്നാക്കി വർധിപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തത് എന്തുക്കൊണ്ടാണെന്നും ജസ്റ്റിസ് എസ്. അബ്ദുൽ നാസർ അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. മുഖ്യ വിവരാവകാശ കമ്മീഷണർ, അഞ്ച് വിവരാവകാശ കമ്മീഷണർമാർ എന്നിവരെ നിയമിച്ചതായി കേരളം കോടതിയെ അറിയിച്ചു. കേരളത്തോട് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി നിർദേശം നൽകി. വിവരാവകാശ കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട പൊതുതാൽപര്യഹർജി മൂന്നാഴ്‌ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കും.