Kerala

‘പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര, രാഷ്ട്രീയ വരമ്പുകൾ ഇല്ല’; കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സലീം കുമാര്‍

കേന്ദ്ര സര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയും കേന്ദ്ര സര്‍ക്കാരിന് പിന്തുണ നല്‍കിയ സെലിബ്രിറ്റീകളെ വിമര്‍ശിച്ചും നടന്‍ സലീം കുമാര്‍. അമേരിക്കയിൽ ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണത്തില്‍ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. അക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായി നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്‍റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല. അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രേറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്ടിവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടതെന്ന് സലീം കുമാര്‍ ചോദിച്ചു. പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കുമെന്നും അതിനു രാഷ്ട്ര, രാഷ്ട്രിയ, വർഗ്ഗ, വർണ്ണ വരമ്പുകളില്ലെന്നും എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പമാണെന്നും സലീം കുമാര്‍ പറഞ്ഞു.

പോപ് താരം രിഹാനയും കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗും ഇന്ത്യയിലെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിഷയം ആഗോള ശ്രദ്ധയില്‍ എത്തുന്നത്. ഇതിനെതിരെ രാജ്യത്തെ പ്രമുഖ കായിക, സിനിമാ താരങ്ങള്‍ രംഗത്തുവന്നിരുന്നു. കായിക രംഗത്ത് നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുരേഷ് റെയ്ന, ശിഖര്‍ ധവാന്‍, ആര്‍.പി സിംഗ്, അനില്‍ കുംബ്ല, ഗൌതം ഗംഭീര്‍, പി.ടി ഉഷ, സിനിമാ രംഗത്ത് നിന്നും കങ്കണ റണാവത്ത്, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, കരണ്‍ ജോഹര്‍ എന്നിവരടങ്ങുന്ന സംഘമാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധിച്ച് രംഗത്തുവന്നത്.

അതേസമയം സെലിബ്രിറ്റികളുടെ പ്രതികരണങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ പ്രതികരണം നടത്തുന്നതിന് മുന്‍പ് വസ്തുതകള്‍ വ്യക്തമായി മനസ്സിലാക്കണമെന്ന് വിദേശകാര്യാ മന്ത്രാലയം ആവശ്യപ്പെട്ടു.

സലീം കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. അക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല.

പകരം ലോകപ്രതിഷേധത്തെ അവർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കൻ പോലീസ് മേധാവി മുട്ടുകാലിൽ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മൾ കണ്ടു.

അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്.

പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വർഗ്ഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല.

എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം.