Kerala

സിനിമ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം; ചരിത്ര ദിനമെന്ന് സജിത മഠത്തിൽ

സിനിമ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന കോടതി വിധി, ചരിത്ര ദിനമെന്ന് സജിത മഠത്തിൽ. ഉത്തരവ് നടപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം. പരാതി പറഞ്ഞവരോട് ഹേമ കമ്മിറ്റി അംഗങ്ങൾ മോശമായി പെരുമാറിയെന്നും സജിത മഠത്തിൽ വ്യക്തമാക്കി. ഉന്നയിച്ച പരാതികളിൽ നടപടി ഉണ്ടായില്ല. പരാതി പരിഹരിക്കാൻ ഹേമ കമ്മിറ്റി നിര്ദേശിച്ചെന്നും സജിത മഠത്തിൽ ട്വന്റിഫോറിനോട് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ടതിന് പിറകേ 2018-ലാണ് ഡബ്ല്യുസിസി ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഫെഫ്ക, അമ്മ അടക്കമുള്ള സംഘടനകൾ എങ്ങനെയാകും ഈ ഉത്തരവിനോട് പ്രതികരിക്കുക എന്നതാണ് ഇനി പ്രധാനം.

കേരളത്തിലെ ഓരോ സിനിമാ ലൊക്കേഷനിലും ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ചേ തീരൂ എന്ന് ഹൈക്കോടതി ഉത്തരവ്. സിനിമ സംഘടനകളിലും സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം ആരംഭിക്കണമെന്നും ഹൈക്കോടതി പുറപ്പെടുവിച്ച നിർണായക ഉത്തരവിൽ പറയുന്നു. സിനിമയിലെ വനിതാപ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

വനിതാകൂട്ടായ്മയുടെ ഈ ആവശ്യം ന്യായമാണെന്ന് സംസ്ഥാനവനിതാ കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. കമ്മീഷനെ ഇക്കഴിഞ്ഞ ജനുവരി 31-നാണ് ഹർജിയിൽ ഹൈക്കോടതി കക്ഷി ചേർത്തത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജിയിൽ ഉത്തരവ് പറഞ്ഞത്.