കണ്ണൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്ന് അന്വേഷണ സംഘം കൂടുതല്‍ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. സസ്പെന്‍ഷനിലുള്ള നഗരസഭാ സെക്രട്ടറി അടക്കം രണ്ട് പേരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. നഗരസഭ ചെയര്‍പേഴ്സന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കുകയാണ്. യൂത്ത് കോണ്‍ഗ്രസിന്റെ നഗരസഭാ ഓഫീസ് മാര്‍ച്ചും ഇന്ന് നടക്കും.
സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലുള്ള നഗരസഭ സെക്രട്ടറി എം.കെ ഗിരീഷ്,അസി.എഞ്ചിനീയര്‍ കെ.കലേഷ് എന്നിവരുടെ മൊഴിയാണ് ഇന്നലെ അന്വേക്ഷണ സംഘം രേഖപ്പെടുത്തിയത്. സംഭവത്തില്‍ സസ്പെന്‍ഷനിലുള്ള മറ്റ് രണ്ട് ഉദ്യോഗസ്ഥരുടെ മൊഴി കൂടി ഇന്ന് രേഖപ്പെടുത്തും.ഈ മൊഴികള്‍ പരിശോധിച്ചതിന് ശേഷം നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ മാത്രമെ ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമോ എന്ന കാര്യത്തില്‍ അന്വേഷണസംഘം അന്തിമ തീരുമാനം എടുക്കൂ. കേസുമായി ബന്ധപ്പെട്ട് നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയുടെ മൊഴിയും അടുത്ത ദിവസം രേഖപ്പെടുത്തിയേക്കും. കേസില്‍ നഗരസഭ സെക്രട്ടറി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. ഇതിനിടെ സംഭവത്തില്‍ പി.കെ ശ്യാമളയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. രാവിലെ നഗരസഭ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസും എസ്.പി ഓഫീസിലേക്ക് യുവമോര്‍ച്ചയും മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.