തൃശൂർ ഡിസിസി ഓഫിസിന് കാവി പെയിൻ്റ് അടിച്ചതിൽ വിവാദം. ബിജെപി പതാകയ്ക്ക് സമാനമായ നിറം അടിച്ചതാണ് വിവാദമായത്. പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് നിറം മാറ്റി.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായാണ് ഓഫിസ് പെയിൻ്റിംഗ് നടത്തിയത്. എന്നാൽ കാവി പെയിന്റ് ശ്രദ്ധയിൽപ്പെട്ടതോടെ പ്രവർത്തകർ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് പുതിയ പെയിന്റടിച്ച് കാവി നിറം മറച്ചു.
ഇന്നലെയായിരുന്നു ഡിസിസി ഓഫിസിന് കാവി നിറത്തിന് പ്രാധാന്യം നൽകി പെയിന്റിങ് പൂർത്തിയാക്കിയത്. എന്നാൽ ഓഫിസിലെത്തിയ നേതാക്കളും പ്രവർത്തകരും നടപടിയെ രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ് ഗ്രൂപ്പുകളിലൊക്കെ പ്രവർത്തകർ ഈ ചിത്രം പ്രചരിപ്പിച്ചതോടെ രൂക്ഷ വിമർശനമാണ് നേതൃത്വത്തിനെതിരെ ഉയർന്നത്. ഇതോടെ ഇന്ന് പുലർച്ചെ തന്നെ ജോലിക്കാരെയെത്തിച്ച് പെയിന്റ് മാറ്റിയടിച്ചു. കോൺഗ്രസിന്റെ പതാകയ്ക്ക് സമാനമായ നിറമാണ് ഓഫിസിന് അടിച്ചതെന്നും അത് വിവാദമാക്കേണ്ടതില്ലെന്നുമാണ് ഡിസിസി നേതൃത്വം വ്യക്തമാക്കുന്നത്.