India Kerala

ശബരിമല സ്ത്രീപ്രവേശം

ശബരിമല സ്ത്രീപ്രവേശനം അടക്കമുള്ള ഹരജികളിലെ നിയമപ്രശ്നങ്ങളിൽ അഭിഭാഷകര്‍ക്ക് ധാരണയിലെത്താൻ കഴിഞ്ഞില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത സുപ്രീം കോടതിയെ അറിയിച്ചു. ഏതൊക്കെ നിയമപ്രശ്നങ്ങിലൂന്നിയാകണം വാദം എന്നതില്‍ കോടതി തന്നെ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് സോളിസിറ്റർ ജനറൽ കോടതിയിൽ ആവശ്യപ്പെട്ടു. നിയമപ്രശ്നങ്ങളില്‍ ഒമ്പതംഗ ഭരണഘടന ബഞ്ച് 10 ദിവസത്തിനകം വാദം കേൾക്കൽ പൂർത്തിയാക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വ്യക്തമാക്കി.

നിയമപ്രശ്നങ്ങളിൽ സമവായത്തിലെത്താനായി അഭിഭാഷകരുടെ യോഗം വിളിക്കാൻ സുപ്രീംകോടതി രജിസ്ട്രിയോട് ആവുശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഈ മാസം 17ന് അഭിഭാഷകർ യോഗം ചേർന്നത്. സുപ്രീം കോടതി രജിസ്ട്രി വിളിച്ച് ചേർത്ത യോഗത്തിൽ ധാരണയുണ്ടാക്കാനായില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ഇന്ന് കോടതിയെ അറിയിച്ചത്. ഇക്കാര്യത്തിൽ കോടതി തന്നെ തീരുമാനമെടുക്കണമെന്നും തുഷാർ മെഹ്ത കോടതിയോട് അഭ്യർഥിച്ചു.

യോഗത്തിൽ ലഭിച്ച അഭിഭാഷകരുടെ നിർദേശങ്ങൾ കോടതിക്ക് കൈമാറുകയും ചെയ്തു. നിയമപ്രശ്നങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്തിയ ശേഷമായിരിക്കും ഒമ്പതംഗ ബഞ്ച് ചേരുക. അതേസമയം വാദം കേൾക്കൽ അതിവേഗം പൂർത്തിയാക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പത്ത് ദിവസത്തിനകം വാദം കേൾക്കൽ പൂർത്തിയാക്കുമെന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഇന്ന് വ്യക്തമാക്കിയത്.