12 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ശബരിമലയില്‍ യുവതി പ്രവേശമനുവദിച്ച സുപ്രിം കോടതി വിധിക്ക് ഇന്നേക്ക് ഒരാണ്ട്. പുനഃപരിശോധന ഹരജികളും റിട്ടുകളും അടക്കം 65ഓളം പരാതികളിലെ തീരുമാനം വരാനിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ് നവംബര്‍ 17ന് വിരമിക്കും മുന്‍പ് വിധി പറയേണ്ടതിനാല്‍ 50 നാള്‍ കൂടി ഇതിനായി കാത്തിരുന്നാല്‍ മതിയാകും.
2018 സെപ്റ്റംബർ 28നായിരുന്നു ചരിത്രപരമായ സുപ്രിം കോടതി വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പ്രായം നോക്കാതെ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ചു. വിധി കേരളത്തിൽ വന്‍ പ്രതിഷേധങ്ങൾക്ക് വഴിവച്ചു. വിധിക്ക് ശേഷം പുനഃപരിശോധനാ ഹരജികളും റിട്ടുകളും ഉൾപ്പെടെ അറുപത്തഞ്ചോളം പരാതികളാണ് കോടതിയിലെത്തിയത്. വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് ഭൂരിഭാഗം അംഗങ്ങൾ തീരുമാനിച്ചുകൊണ്ട് ഹരജികൾ തള്ളാം. സ്ത്രീപ്രവേശത്തെ എതിർക്കുന്നവർക്ക് തിരുത്തൽ ഹരജി നൽകാം
അല്ലെങ്കില്‍ പുനഃപരിശോധിക്കാൻ ഭൂരിഭാഗം അംഗങ്ങൾ തീരുമാനിക്കാം. ബന്ധപ്പെട്ട കക്ഷികൾക്കു നോട്ടീസയച്ച് വീണ്ടും വാദം കേൾക്കും. അങ്ങിനെ എങ്കില്‍ വിശാലബെഞ്ചിനു വിടാം. വിധിയിലെ ചില വിഷയങ്ങൾമാത്രം പുനഃപരിശോധിക്കാനായി വാദം കേൾക്കുക എന്ന വിദൂര സാധ്യതയുമുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നവംബർ 17നു വിരമിക്കുമെന്നതിനാൽ അതിന് മുമ്പ് ഹരജികളിൽ വിധി പറയും.