Kerala

സുരക്ഷ നല്‍കാനാവില്ല;

ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തിയ തൃപ്തി ദേശായിയേയും സംഘത്തേയും പൊലീസ് തിരിച്ചയക്കും. തൃപ്തി ദേശായിക്ക് സുരക്ഷ നല്‍കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം ദര്‍ശനം നടത്തിയതിന് ശേഷം മാത്രമേ മടങ്ങൂവെന്ന് തൃപ്തി ദേശായി മീഡിയാവണിനോട് പറഞ്ഞു.

തൃപ്തി ദേശായിയുടെ സന്ദര്‍ശനത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സുപ്രീംകോടതി വിധിയില്‍ വ്യക്തത വരുന്നത് വരെ സര്‍ക്കാര്‍ സംരക്ഷണയില്‍ യുവതികള്‍ക്ക് ദര്‍ശനം അനുവദിക്കാനാവില്ല, ശബരിമലയിലെ സമാധാനപരമായ അന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എ.കെ ബാലന്‍ വ്യക്തമാക്കി.

തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള സംഘം ശബരിമലയിലേക്ക് പുറപ്പെട്ടതും പിന്നാലെ ബിന്ദു അമ്മിണിക്ക് നേരെയുള്ള കയ്യേറ്റവും ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. എറണാകുളം കമ്മീഷണര്‍ ഓഫീസിൽ വെച്ചാണ് ബിന്ദു അമ്മിണിയെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഓഫീസിന് പുറത്തെത്തിയ ബിന്ദുവിന്റെ മുഖത്ത് മുളക്പൊടി സ്പ്രേ ചെയ്യുകയായിരുന്നു.