ശബരിമലയെ മാലിന്യമുക്തമാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതി വിപുലീകരിക്കും. കേരളത്തിലെ പ്രധാനപ്പെട്ട 280 ക്ഷേത്രങ്ങളിൽ പദ്ധതിയുടെ യൂണിറ്റ് തുടങ്ങും.
അടുത്ത മണ്ഡല കാലത്തിന് മുൻപ് ഇടത്താവളങ്ങളായ ക്ഷേത്രങ്ങളിൽ ഉൾപ്പടെ പുണ്യം പൂങ്കാവനം പദ്ധതി തുടങ്ങാനാണ് തീരുമാനം. ശബരിമലയെ മാലിന്യമുക്തമാക്കുന്നതിനുള്ള ബോധവൽക്കരണം നൽകലാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതര സംസ്ഥാനത്ത് നിന്നുള്ള ഗുരുസ്വാമിമാരെ ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പുകൾ ആരംഭിക്കും. തമിഴ്നാട്, ആന്ധ്ര പ്രദേശ് കർണാടക എന്നിവിടങ്ങളിലെ ഗുരുസ്വാമിമാരുടെ മേൽവിലാസം, ഫോൺ നമ്പർ, ഇ മെയിൽ ഐഡി എന്നിവ സന്നിധാനത്തെ ഓഫീസിൽ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.
പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് ഗുരു സ്വാമിമാരുടെ യോഗവും തുടങ്ങി. തമിഴ്നാട്ടിൽ രണ്ടും കർണാടകയിൽ മൂന്നും യോഗങ്ങളും ബോധവൽക്കരണത്തിന്റെ ഭാഗമായി ചേർന്നു. 2011ൽ തുടങ്ങിയ പുണ്യം പൂങ്കാവനം പദ്ധതി നിലവിലെ അഡ്മിനിസ്ട്രേഷൻ ഐ.ജിയായ പി വിജയന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്.