ഭക്തരെ പ്രവേശിപ്പിക്കാമെന്ന മുൻ നിലപാടിൽ മാറ്റം വരുത്തിയത് രാഷ്ട്രീയ സമ്മർദ്ദം മൂലമല്ലെന്ന് തന്ത്രി മഹേഷ് മോഹനര് വ്യക്തമാക്കി
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ശബരിമലയിലെ മിഥുനമാസ പൂജയ്ക്ക് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കില്ല. പൂജയും ഉത്സവവും ചടങ്ങായി മാത്രം നടത്താൻ തന്ത്രിയുമായി ദേവസ്വം മന്ത്രി നടത്തിയ ചർച്ചയിൽ തീരുമാനമായി. ഭക്തരെ പ്രവേശിപ്പിക്കാമെന്ന മുൻ നിലപാടിൽ മാറ്റം വരുത്തിയത് രാഷ്ട്രീയ സമ്മർദ്ദം മൂലമല്ലെന്ന് തന്ത്രി മഹേഷ് മോഹനര് വ്യക്തമാക്കി.
കോവിഡ് രോഗബാധകൂടുതലുള്ള തമിഴ്നാട്, ആന്ധ്രാ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഭക്തർ വന്നാൽ കോവിഡ് ഭീഷണിയുണ്ടാകുമെന്നും അത് കൊണ്ട് ഭക്തരെ പ്രവേശിപ്പിക്കരുതെന്നുമാവശ്യപ്പെട്ട് തന്ത്രി മഹേഷ് മോഹനര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരിന്നു.ഇതേ തുടർന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിളിച്ച ചർച്ചയിലാണ് ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്. ദേവസ്വം ബോർഡുമായി തർക്കമില്ലെന്നും ക്ഷേത്രം തുറക്കാമെന്ന കേന്ദ്ര നിർദ്ദേശം നിർബന്ധപൂർവ്വം നടപ്പാക്കേണ്ടതാണെന്ന് നേരത്തെ തെറ്റിദ്ധരിച്ചിരുന്നുവെന്നും തന്ത്രിയും പറഞ്ഞു.
തന്ത്രിയുമായി കൂടിയാലോചിച്ചാണ് എല്ലാ തീരുമാനങ്ങൾ എടുത്തതെന്ന് ദേവസ്വം പ്രസിഡന്‍റ് എൻ. വാസു പറഞ്ഞു.മറ്റ് ക്ഷേത്രങ്ങളുടെ കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.