Kerala

ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന തന്ത്രിമാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കും

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ച യോഗം പതിനൊന്ന് മണിക്ക് ചേരും. തന്ത്രിമാരും ദേവസ്വം ബോര്‍ഡ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും\

ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുത്, ഉത്സവം മാറ്റിവെയ്ക്കണം തുടങ്ങിയ തന്ത്രിമാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചേക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ച യോഗം പതിനൊന്ന് മണിക്ക് ചേരും. തന്ത്രിമാരും ദേവസ്വം ബോര്‍ഡ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ മാസപൂജയ്ക്കായി ഭക്തരെ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കണം. ഈമാസം 19 ന് ആരംഭിക്കുന്ന ഉത്സവചടങ്ങുകള്‍ ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തന്ത്രി മഹേഷ് മോഹനരര് ദേവസ്വം ബോര്‍ഡിന് കത്തയച്ചത്. ക്ഷേത്രങ്ങള്‍ തുറന്നതിനെതിരെ ബി.ജെ.പി അടക്കം വലിയ പ്രചരണങ്ങള്‍ നടത്തുന്നതിനടയിലുള്ള തന്ത്രിയുടെ കത്ത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.ഇതേ തുടര്‍ന്നാണ് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.രാവിലെ നടക്കുന്ന യോഗത്തില്‍ ദേവസ്വം മന്ത്രിക്ക് പുറമെ ദേവസ്വം ബോര്‍ഡ് പ്രതിനിധികളും തന്ത്രിമാരും പങ്കെടുക്കും.

ദര്‍ശനം അനുവദിക്കാന്‍ തീരുമാനിച്ചത് തന്ത്രി കുടുംബത്തിന്‍റെ അഭിപ്രായം കേട്ട ശേഷമാണെന്ന് ദേവസ്വം ബോര്‍ഡ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.അതിന് ശേഷം നിലപാടില്‍ നിന്ന് തന്ത്രിമാര്‍ പിന്നോട്ട് പോകാനുള്ള കാരണം വ്യക്തമല്ലെന്നാണ് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നത്.ഈ ഘട്ടത്തില്‍ ക്ഷേത്രങ്ങള്‍ തുറക്കേണ്ടെന്ന നിലപാട് തന്ത്രിമാര്‍ യോഗത്തില്‍ ആവര്‍ത്തിച്ചാല്‍ സര്‍ക്കാര്‍ അതിനെ എതിര്‍ക്കാന്‍ സാധ്യതയില്ല. തന്ത്രിമാരുടെ അഭിപ്രായം മറികടന്ന് ക്ഷേത്രങ്ങള്‍ തുറന്നാല്‍ അത് സംഘപരിവാര്‍ സംഘടനകള്‍ വലിയ പ്രചരണമാക്കുമെന്നും സര്‍ക്കാര്‍ കണക്ക് കൂട്ടുന്നുണ്ട്.