അട്ടപ്പാടിയിൽ ഡാം നിർമ്മിച്ച് ജലസേചന പദ്ധതി നടപ്പിലാക്കാൻ വീണ്ടും കേരളത്തിന്റെ നീക്കം. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ജലസേചന വകുപ്പ് വൻകിട ജലസേചന പദ്ധതി തയ്യാറാക്കുന്നത്. 458 കോടി ചെലവ് വരുന്നതാണ് പദ്ധതി.
കാവേരി ട്രിബ്യൂണൽ വിധി പ്രകാരം ഭവാനി പുഴയിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട ജലം ഉപയോഗിയ്ക്കാൻ കഴിയുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുക. ഭവാനി പുഴയുടെ പോഷക നദിയായ ശിരുവാണി പുഴയ്ക്ക് കുറുകെ അഗളി – ഷോളയൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള അണക്കെട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിലൂടെ 2.87 ടി.എം.സി ജലം സംഭരിക്കാനാവും. അട്ടപ്പാടി ചിറ്റൂരിൽ നിർമ്മിയ്ക്കുന്ന അണക്കെട്ടിന് 450 മീറ്റർ നീളവും 51.5 മീറ്റർ ഉയരവുമുണ്ടാകും. മുകൾഭാഗത്ത് എട്ട് മീറ്റർ വീതിയുണ്ടാവും. അഞ്ച് ഷട്ടറുകളാവും ഡാമിൽ ഉണ്ടാവുക. വലതുകരയിലും ഇടതുകരയിലുംകൂടി 47 കിലോമീറ്റർ ദൂരത്തിൽ കോൺക്രീറ്റ് പൈപ്പിലൂടെ ജലം കർഷകർക്ക് എത്തിക്കും. പദ്ധതിയിലൂടെ വരൾച്ചാ ബാധിത പ്രദേശമായ കിഴക്കൻ അട്ടപ്പാടി ഉൾപ്പെടെ 4255 ഹെക്ടർ പ്രദേശത്തെ കൃഷിക്ക് ജലസേചന സൗകര്യം ലഭ്യമാക്കും.
ആദിവാസി മേഖലയിലെ കർഷകർക്കാണ് ഈ പദ്ധതിയുടെ നേട്ടം പ്രധാനമായും ലഭിക്കുക. ഇതിനൊപ്പം മൈക്രോ ഇറിഗേഷൻ പദ്ധതികൂടി നടപ്പിലാക്കാനും ജലസേചന വകുപ്പ് ലക്ഷ്യം വയ്ക്കുന്നു. കുടിവെള്ള വിതരണ സംവിധാനവും പദ്ധതിയിൽ ഉൾപ്പെടുന്നു. ഏഴ് ദശലക്ഷം ലിറ്റർ ജലമാണ് കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുക. വ്യാവസായിക ആവശ്യത്തിനും ഇവിടെനിന്ന് ജലം നൽകും. കേന്ദ്ര ജലവിഭവ കമ്മീഷന്റെ മാനദണ്ഡങ്ങൾ പാലിച്ച് തയ്യാറാക്കിയ പദ്ധതി കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകളിൽനിന്നും അനുമതി വേഗത്തിൽ ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നേരത്തെ ഈ ഭാഗത്ത് ഡാം നിർമ്മിക്കുന്നതിനെ തമിഴ്നാട് എതിർത്തിരുന്നു. തമിഴ്നാടിന്റെ അനുമതിയോട് കൂടിയാണ് എ.വി.ഐ.പിയുടെ സംവിധാനങ്ങൾ ഉപയോഗപെടുത്തി പുതിയ ഡാം നിർമ്മിക്കുന്നത്